ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയോട് പൊരുതിതോറ്റ ന്യൂസിലന്‍ഡ് ടീമിനെ പുകഴ്ഠി ഇന്ത്യന്‍ സൂപ്പര്‍ താരം വിരാട് കോലി. വലിയ ടൂര്‍ണമെന്റുകളില്‍ ന്യൂസിലന്‍ഡിനോളം സ്ഥിരതയോടെ കളിക്കുന്ന വേറെ ടീമില്ലെന്നും ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീല്‍ഡിങ്ങ് ടീം ന്യൂസിലന്‍ഡ് ആണെന്നുള്ള കാര്യം നിസ്തര്‍ക്കമാണെന്നും കോലി പറഞ്ഞു.
ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് കെയ്ന്‍ വില്യംസണ്‍ പരാജയപ്പെട്ട ടീമിന്റെ ഭാഗമായി നില്‍ക്കുന്നതില്‍ വിഷമമുണ്ട്. എന്നാല്‍ അദ്ദേഹം ജയിച്ച ടീമിന്റെ ഭാഗമായിരുന്നപ്പോള്‍ താനും തോറ്റ ടീമിന്റെ ഭാഗമായിട്ടുണ്ടെന്നും കോലി പറഞ്ഞു. വിസ്മയിപ്പിക്കുന്ന ടീമാണ് ന്യൂസിലന്‍ഡ്. വലിയ താരങ്ങളില്ലാതെ തന്നെ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അവര്‍ ഏറെ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. പ്രധാന ടൂര്‍ണമെന്റുകളില്‍ അവര്‍ മികച്ച പ്രകടനമാണ് നടത്തുന്നത്.തങ്ങളുടെ പദ്ധതികള്‍ക്കനുസരിച്ച് കളിക്കുന്നതില്‍ അവര്‍ക്ക് വലിയ മികവുണ്ട്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി അവരെ പോലെ സ്ഥിരതയോടെ കളിക്കുന്ന മറ്റൊരു ടീമില്ല. വലിയ ടൂര്‍ണമെന്റുകളില്‍ അവര്‍ കഴിവിന്റെ പരമാവധിയാണ് പുറത്തെടുക്കാറുള്ളത്.
ലോകത്തിലെ ഏറ്റവും മികച്ച ഫീല്‍ഡിംഗ് നിര അവരുടേതാണ്. എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്ത് പരാജയപ്പെട്ട് നില്‍ക്കുന്നത് കാണുമ്പോള്‍ വിഷമമുണ്ട്. പക്ഷേ ഒന്നിലധികം തവണ അദ്ദേഹം വിജയിച്ച ടീമിന്റെ ഭാഗമായപ്പോള്‍ ഞാന്‍ പരാജയപ്പെട്ട ടീമിലായിരുന്നു. ഞങ്ങള്‍ക്കിടയില്‍ എക്കാലവും സ്‌നേഹം മാത്രം. കോലി പറഞ്ഞു.