'കുറച്ച് ഒതുക്കമൊക്കെ ആകാം'; പാക്കിസ്ഥാന്‍ താരങ്ങളുടെ 'ചെവിക്കു പിടിച്ച്' ഐസിസി, പിഴയൊടുക്കണം
മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌കിയോടാണ് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി മോശമായി പെരുമാറിയത്
പാക്കിസ്ഥാന്‍ ക്രിക്കറ്റ് ടീമിലെ താരങ്ങളായ ഷഹീന്‍ അഫ്രീദി, സൗദ് ഷക്കീല്‍, കമ്രാന്‍ ഗുലാം എന്നിവര്‍ക്കെതിരെ നടപടിയുമായി ഐസിസി. ഗ്രൗണ്ടിലെ മോശം പെരുമാറ്റത്തിനു മൂവരും പിഴയൊടുക്കണം. ത്രിരാഷ്ട്ര പരമ്പരയിലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മത്സരത്തിലാണ് പാക്കിസ്ഥാന്‍ താരങ്ങള്‍ മോശമായി പെരുമാറിയത്.
മത്സരത്തിനിടെ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍ മാത്യു ബ്രീറ്റ്‌സ്‌കിയോടാണ് പാക്കിസ്ഥാന്‍ പേസര്‍ ഷഹീന്‍ അഫ്രീദി മോശമായി പെരുമാറിയത്. ബ്രീറ്റ്‌സ്‌കി റണ്ണിനായി ഓടുന്നതിനിടെ അഫ്രീദി തടസം നിന്നു. ഗ്രൗണ്ടില്‍ വെച്ച് ബ്രീറ്റ്‌സ്‌കിയോടു അഫ്രീദി തര്‍ക്കിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തില്‍ മാച്ച് ഫീയുടെ 25 ശതമാനം ഷഹീന്‍ പിഴയടയ്ക്കണം. അനാരോഗ്യകരമായ രീതിയില്‍ എതിര്‍ താരത്തിന്റെ ശരീരത്തില്‍ സ്പര്‍ശിച്ചതും പ്രകോപനത്തിനു ശ്രമിച്ചതുമാണ് ഷഹീന്‍ അഫ്രീദിക്കെതിരെ ഐസിസി കണ്ടെത്തിയ കുറ്റം.
ദക്ഷിണാഫ്രിക്കന്‍ നായകന്‍ തെംബ ബാവുമയെ ഗ്രൗണ്ടില്‍വെച്ച് അപമാനിച്ചതാണ് സൗദ് ഷക്കീലിനും കമ്രാന്‍ ഗുലാമിനും തിരിച്ചടിയായത്. ബാവുമ റണ്‍ഔട്ട് ആയി മടങ്ങുന്നതിനിടെ അതിരുവിട്ട ആഹ്ലാദപ്രകടനം നടത്തുകയായിരുന്നു ഇരുവരും. 'പ്രകോപനപരമായ ഭാഷ, ആംഗ്യങ്ങള്‍' എന്നിവ പ്രകടിപ്പിച്ചതിനാണ് ഇരുവര്‍ക്കുമെതിരെ നടപടിയെന്ന് ഐസിസി വ്യക്തമാക്കി. പിഴയ്ക്കു പുറമേ മൂന്നു താരങ്ങള്‍ക്കും ഡിമെറിറ്റ് പോയിന്റുകളും ഉണ്ടാകും. 24 മാസത്തിനകം വീണ്ടും ഇത്തരം തെറ്റുകള്‍ ആവര്‍ത്തിച്ചാല്‍ കടുത്ത ശിക്ഷാനടപടികള്‍ സ്വീകരിക്കാന്‍ ഐസിസിക്ക് അധികാരമുണ്ട്.