അതിനുശേഷം വല്ലാതെ പതറുന്ന കാഴ്ചയാണ് കണ്ടത്; ഇഷാന്‍ കിഷനെ വിമര്‍ശിച്ച് ഗംഭീര്‍
ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷമുള്ള ഇഷാന്‍ കിഷന്റെ പ്രകടനം വളരെ മോശമാണെന്ന് ഗംഭീര്‍ പറഞ്ഞു
യുവതാരം ഇഷാന്‍ കിഷന്റെ മോശം ഫോമില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം ഗൗതം ഗംഭീര്‍. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷമുള്ള ഇഷാന്‍ കിഷന്റെ പ്രകടനം വളരെ മോശമാണെന്ന് ഗംഭീര്‍ പറഞ്ഞു. സ്പിന്നിനെ കളിക്കാന്‍ ഇഷാന്‍ കിഷനെ പോലുള്ള യുവതാരങ്ങള്‍ പഠിക്കണമെന്നും ഗംഭീര്‍ മുന്നറിയിപ്പ് നല്‍കി.
' എനിക്ക് തോന്നുന്നു ഇഷാന്‍ കിഷനെ പോലുള്ള യുവതാരങ്ങള്‍ എങ്ങനെയാണ് സ്‌ട്രൈക്ക് റൊറ്റേറ്റ് ചെയ്യേണ്ടതെന്ന് അതിവേഗം പഠിക്കേണ്ടിയിരിക്കുന്നു. കാരണം ഇത്തരം വിക്കറ്റുകളില്‍ വലിയ സിക്‌സുകള്‍ മാത്രം നേടുക അത്ര എളുപ്പമുള്ള കാര്യമല്ല. ബംഗ്ലാദേശിനെതിരെ ഇരട്ട സെഞ്ചുറി നേടിയ ശേഷമുള്ള ഇഷാന്‍ കിഷന്റെ പ്രകടനങ്ങള്‍ വളരെ ആശ്ചര്യപ്പെടുത്തുന്നതാണ്. അവന്‍ അതിനുശേഷം പതറുന്ന കാഴ്ചയാണ് കണ്ടത്. ഇങ്ങനെയൊരു ഇന്നിങ്‌സിനു ശേഷം അവന്റെ ഇന്നിങ്‌സ് വളരെ വേഗത്തില്‍ ഉയരുമെന്നാണ് നമ്മള്‍ കരുതിയത്,' ഗംഭീര്‍ പറഞ്ഞു.
' സ്പിന്നിനെതിരെ ഇഷാന്‍ നന്നായി കളിക്കേണ്ടിയിരിക്കുന്നു. കാരണം അവനെതിരെ ആദ്യ ആറ് ഓവറുകളില്‍ സ്പിന്നിനെ ധാരാളം ഉപയോഗിക്കുന്നുണ്ട്. ഫാസ്റ്റ് ബൗളിങ്ങിനെ ഇഷാന്‍ നന്നായി മാനേജ് ചെയ്യുന്നുണ്ട്. സ്പിന്നിനെ കൂടി നന്നായി കളിക്കാന്‍ സാധിച്ചാല്‍ അത് ട്വന്റി 20 ഫോര്‍മാറ്റില്‍ അവന് ഗുണം ചെയ്യും,' ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.