ഹാംസ്ട്രിംഗ് പരിക്കിനെ തുടര്‍ന്ന് ഓസ്‌ട്രേലിയന്‍ പേസര്‍ ജോഷ് ഹേസല്‍വുഡിന് ആഷസ് പരമ്പര പൂര്‍ണമായും നഷ്ടപ്പെട്ടെക്കുമെന്ന് റിപ്പോര്‍ട്ട്. ഷെഫീല്‍ഡ് ഷീല്‍ഡ് മത്സരത്തിനിടെയുണ്ടായ ഹാംസ്ട്രിംഗ് പരിക്ക് നിസാരമായാണ് ആദ്യം കണക്കാക്കിയിരുന്നതെങ്കിലും ഇത് ഗുരുതരമായ ടെന്‍ഡണ്‍ പരിക്കാണെന്ന് പിന്നീടാണ് സ്ഥിരീകരിച്ചത്. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന മത്സരങ്ങളും താരത്തിന് നഷ്ടമായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നേരത്തെ ആഷസിലെ ആദ്യ ടെസ്റ്റ് മാത്രമെ താരത്തിന് നഷ്ടമാകുള്ളു എന്നാണ് കരുതപ്പെട്ടിരുന്നത്. പരമ്പരയില്‍ താരം കളിക്കില്ലെന്ന് മുതിര്‍ന്ന ക്രിക്കറ്റ് പത്രപ്രവര്‍ത്തകനായ പീറ്റര്‍ ലാലോറാണ് വെളിപ്പെടുത്തിയത്. അതേസമയം പരിക്കിന്റെ പിടിയിലായിരുന്ന പേസറും ഓസീസ് നായകനുമായ പാറ്റ് കമ്മിന്‍സ് നെറ്റ്‌സില്‍ ബൗളിംഗ് പരിശീലനം ആരംഭിച്ചിട്ടുണ്ട്.