'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 റണ്‍സുമായി ഗില്‍ നില്‍ക്കുകയായിരുന്നു
നാഗ്പൂരില്‍ നടന്ന ഇന്ത്യ-ഇംഗ്ലണ്ട് മത്സരത്തിലെ കെ.എല്‍.രാഹുലിന്റെ ബാറ്റിങ് ശൈലിയെ വിമര്‍ശിച്ച് സുനില്‍ ഗവാസ്‌കര്‍. ശുഭ്മാന്‍ ഗില്ലിനു സെഞ്ചുറിയടിക്കാന്‍ വേണ്ടി രാഹുല്‍ 'തട്ടി മുട്ടി' കളിച്ചത് ശരിയായില്ലെന്ന് ഗവാസ്‌കര്‍ വിമര്‍ശിച്ചു. ക്രിക്കറ്റ് ഒരു ടീം ഗെയിം ആണെന്നും ഇത്തരത്തിലുള്ള പരസഹായത്തിന്റെ ആവശ്യമില്ലെന്നും ഗവാസ്‌കര്‍ പറഞ്ഞു.
' സ്വതസിദ്ധമായ ശൈലിയില്‍ അവന്‍ (രാഹുല്‍) കളിക്കണം. തന്റെ പങ്കാളിക്ക് (ഗില്‍) സെഞ്ചുറിയടിക്കാനുള്ള അവസരത്തിനു വേണ്ടി രാഹുല്‍ പന്തുകള്‍ കളിക്കാതെ വിട്ടു. എന്നിട്ട് അവസാനം എന്താണ് സംഭവിച്ചത്? ഇതൊരു ടീം ഗെയിം ആണ്, ഇത്തരത്തിലുള്ള സമീപനം ആവശ്യമില്ല. തന്റെ സ്വാഭാവികമായ കളിക്കു പകരം സഹതാരം (ഗില്‍) വ്യക്തിപരമായ നാഴികകല്ല് പിന്നിടുന്നതിനാണ് രാഹുല്‍ പ്രധാന്യം നല്‍കിയത്. അവസാനം പാതി മനസ്സുകൊണ്ടുള്ള ഷോട്ടില്‍ പുറത്താകുകയും ചെയ്തു,' രാഹുല്‍ പറഞ്ഞു.
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 റണ്‍സുമായി ഗില്‍ നില്‍ക്കുകയായിരുന്നു. ഗില്ലിനു സെഞ്ചുറിയടിക്കാനായി രാഹുല്‍ മിക്ക പന്തുകളും ആക്രമിക്കാതെ വിട്ടു. അവസാനം അമിത പ്രതിരോധത്തിനു ശ്രമിച്ച് രാഹുല്‍ ഔട്ടായി. തൊട്ടുപിന്നാലെ സെഞ്ചുറിയടിക്കാന്‍ സാധിക്കാതെ ഗില്ലും കൂടാരം കയറി.