തനിക്ക് മുന്‍പ് പന്തിനെ ഇറക്കി; ഡ്രസിങ് റൂമില്‍ പൊട്ടിത്തെറിച്ച് ഹാര്‍ദിക് പാണ്ഡ്യ ! ഔട്ടായി വന്ന പന്തിനെ ചീത്ത പറഞ്ഞ് ഇന്ത്യന്‍ നായകന്‍
മികച്ച തുടക്കമാണ് ബാറ്റിങ്ങില്‍ ഇന്ത്യക്ക് ലഭിച്ചത്
ഏഷ്യാ കപ്പില്‍ പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ അഞ്ച് വിക്കറ്റ് തോല്‍വിയാണ് ഇന്ത്യ വഴങ്ങിയത്. അവസാന ഓവര്‍ വരെ ആവേശം നീണ്ട മത്സരത്തില്‍ ഇന്ത്യക്ക് ജയം ഉറപ്പിക്കാവുന്ന ഒട്ടേറെ നിമിഷങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍ പലതും ഇന്ത്യ തട്ടിത്തെറിപ്പിച്ചു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ നിശ്ചിത 20 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് 181 റണ്‍സ് നേടിയത്. പാക്കിസ്ഥാന്‍ 19.5 ഓവറില്‍ അഞ്ച് വിക്കറ്റിനു അത് മറികടന്നു.
മികച്ച തുടക്കമാണ് ബാറ്റിങ്ങില്‍ ഇന്ത്യക്ക് ലഭിച്ചത്. ഒരു ഘട്ടത്തില്‍ ഇന്ത്യയുടെ ടോട്ടല്‍ 200 കടക്കുമെന്ന് പോലും ആരാധകര്‍ പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ മധ്യനിര നിറം മങ്ങിയപ്പോള്‍ സ്‌കോറിങ് വേഗം കുറഞ്ഞു. സൂര്യകുമാര്‍ യാദവ് (14), റിഷഭ് പന്ത് (14), ഹാര്‍ദിക് പാണ്ഡ്യ (പൂജ്യം) എന്നിവര്‍ സാഹചര്യത്തിനൊത്ത് ബാറ്റ് വീശിയില്ല.
ഡ്രസിങ് റൂമില്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുമായി ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ദേഷ്യപ്പെട്ട് സംസാരിച്ചു എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. സൂര്യകുമാര്‍ യാദവ് പുറത്തായ ശേഷം തന്നെ ഇറക്കാതെ പന്തിനെ ഇറക്കിയതില്‍ പാണ്ഡ്യക്ക് അതൃപ്തിയുണ്ടായിരുന്നു. ഇതേ കുറിച്ചാണ് പാണ്ഡ്യ രോഹിത്തിനോട് കയര്‍ത്തു സംസാരിച്ചതെന്ന് ചില റിപ്പോര്‍ട്ടുകളുണ്ട്.
അതേസമയം, അവസരത്തിനൊത്ത് ബാറ്റ് ചെയ്യാതെ ഡ്രസിങ് റൂമിലെത്തിയ റിഷഭ് പന്തിനെ രോഹിത് ശകാരിക്കുകയും ചെയ്തു. മോശം ഷോട്ട് സെലക്ഷന്റെ പേരിലാണ് ക്യാപ്റ്റന്‍ പന്തിനെ ചീത്ത പറഞ്ഞത്. റിവേഴ്‌സ് ഷോട്ട് കളിക്കാന്‍ ശ്രമിച്ചാണ് പന്ത് ക്യാച്ച് നല്‍കി പുറത്തായത്.