Haris Rauf: കോലിയ്ക്ക് വേണ്ടി ജയ് വിളിച്ച് ഇന്ത്യൻ ആരാധകർ, 6 റാഫേൽ വെടിവെച്ചിട്ടെന്ന് കൈ കൊണ്ട് ആംഗ്യം കാണിച്ച് ഹാരിസ് റൗഫ്, വിവാദം
പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിക്കിടെ പാകിസ്ഥാന്‍ ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് സൂചിപ്പിച്ചായിരുന്നു ഈ ആംഗ്യം.
ഏഷ്യാകപ്പിലെ ഇന്ത്യ- പാകിസ്ഥാന്‍ ആവേശപോരില്‍ ഇന്ത്യന്‍ ആരാധകരെ പ്രകോപിപ്പിച്ച് പാകിസ്ഥാന്‍ പേസര്‍ ഹാരിസ് റൗഫ്. ഇന്ത്യന്‍ ബാറ്റിങ്ങിനിടെ ബൗണ്ടറിയില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹാരിസ് റൗഫിന് നേരെ ഇന്ത്യന്‍ ആരാധകര്‍ കോലി ചാന്റുകള്‍ ഉയര്‍ത്തിയപ്പോള്‍ ആദ്യം ചെവി വട്ടം പിടിച്ച് കേള്‍ക്കുന്നില്ല, ശബ്ദം പോര എന്ന ആംഗ്യമാണ് റൗഫ് കാണിച്ചത്. പിന്നാലെ കൈവിരലുകള്‍ കൊണ്ട് 6-0 എന്നാണ് റൗഫ് ഇന്ത്യന്‍ ആരാധകര്‍ക്ക് നേരെ കാണിച്ചത്. പഹല്‍ഗാം ഭീകരാക്രമണത്തെ തുടര്‍ന്ന് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ നടപടിക്കിടെ പാകിസ്ഥാന്‍ ഇന്ത്യയുടെ 6 യുദ്ധവിമാനങ്ങള്‍ തകര്‍ത്തെന്ന് സൂചിപ്പിച്ചായിരുന്നു ഈ ആംഗ്യം.
ഇന്ത്യ- പാക് സംഘര്‍ഷ സമയത്ത് 6 ഇന്ത്യന്‍ യുദ്ധവിമാനങ്ങള്‍ വെടിവെച്ചിട്ടതായി പാകിസ്ഥാന്‍ അവകാശവാദം ഉന്നയിച്ചിരുന്നു. ഇതിനെയാണ് റൗഫ് 6-0 എന്നത് കൊണ്ട് സൂചിപ്പിച്ചതെന്നാണ് സൂചന. 2022ലെ ടി20 ലോകകപ്പില്‍ മെല്‍ബണില്‍ ഹാരിസ് റൗഫിനെതിരെ വിരാട് കോലി സിക്‌സ് പറത്തി ഇന്ത്യയെ വിജയത്തിലെത്തിച്ചത് ഓര്‍മിപ്പിക്കാനായിരുന്നു ഇന്ത്യന്‍ ആരാധകര്‍ റൗഫിന് നേരെ കോലി ചാന്റ് ഉയര്‍ത്തിയത്.
ഇന്ത്യക്കെതിരെ ഗ്രൂപ്പ് മത്സരത്തില്‍ ടോസിന് ശേഷം പാക് നായകനുമായി ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ് ഹസ്തദാനത്തിന് വിസമ്മതിച്ചിരുന്നു. മത്സരശേഷം ഇന്ത്യന്‍ ടീമംഗങ്ങള്‍ ആരും പാക് താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാനെത്തിയിരുന്നില്ല. ഈ സാഹചര്യത്തില്‍ സൂപ്പര്‍ ഫോറില്‍ ഇന്ത്യയെ തോല്‍പ്പിക്കണമെന്ന ലക്ഷ്യത്തോടെയാണ് പാക് താരങ്ങള്‍ എത്തിയത്. ഇന്ത്യക്കെതിരെ 172 റണ്‍സെന്ന വിജയലക്ഷ്യം ഉയര്‍ത്താനായെങ്കിലും ഇന്ത്യന്‍ ബാറ്റര്‍മാരെ പിടിച്ചുകെട്ടാന്‍ പാക് ബൗളിംഗ് നിരയ്ക്ക് സാധിച്ചില്ല. ഓപ്പണിങ്ങില്‍ മികച്ച പ്രകടനം നടത്തിയ അഭിഷേക് ശര്‍മ- ശുഭ്മാന്‍ ഗില്‍ സഖ്യമാണ് ഇന്ത്യയ്ക്ക് അനായാസ വിജയം സമ്മാനിച്ചത്.