Suryakumar Yadav: 'ക്യാപ്റ്റനായതുകൊണ്ട് രക്ഷപ്പെട്ടു പോകുന്നു'; ടീമില്‍ ഏറ്റവും 'മോശം' സൂര്യകുമാര്‍ യാദവ്
മൂന്ന് പന്തുകള്‍ നേരിട്ട സൂര്യ റണ്‍സൊന്നും എടുക്കാതെ ക്രീസ് വിട്ടത് ആരാധകരെയും നിരാശരാക്കി
Suryakumar Yadav: ട്വന്റി 20 ഫോര്‍മാറ്റില്‍ ഫോംഔട്ട് തുടര്‍ന്ന് ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ മത്സരത്തില്‍ ഇന്ത്യന്‍ നായകന്‍ പൂജ്യത്തിനു പുറത്തായി.
മൂന്ന് പന്തുകള്‍ നേരിട്ട സൂര്യ റണ്‍സൊന്നും എടുക്കാതെ ക്രീസ് വിട്ടത് ആരാധകരെയും നിരാശരാക്കി. നായകസ്ഥാനം ഏറ്റെടുത്ത ശേഷം വിസ്മയിപ്പിക്കുന്ന പ്രകടനത്തിലേക്ക് തിരിച്ചുപോകാന്‍ സൂര്യക്കു സാധിച്ചിട്ടില്ല.
ഏഷ്യ കപ്പില്‍ രണ്ട് പന്തില്‍ പുറത്താകാതെ ഏഴ്, 37 പന്തില്‍ 47, മൂന്ന് പന്തില്‍ പൂജ്യം എന്നിങ്ങനെയാണ് സൂര്യയുടെ സ്‌കോറുകള്‍. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്ന് സൂര്യ സ്‌കോര്‍ ചെയ്തിരിക്കുന്നത് 54 റണ്‍സ് മാത്രം. ഏഷ്യ കപ്പ് പ്ലേയിങ് ഇലവനിലെ ആദ്യ അഞ്ച് ബാറ്റര്‍മാരില്‍ ഏറ്റവും കുറവ് റണ്‍സ് സൂര്യയുടെ പേരിലാണ്.
ടി20 ഫോര്‍മാറ്റില്‍ സൂര്യയുടെ അവസാന 10 സ്‌കോറുകള്‍ ഇങ്ങനെയാണ്: 4, 1, 0, 12, 14, 0, 2, 7*, 47*, 0
പത്ത് ഇന്നിങ്‌സുകളില്‍ 10.8 ശരാശരിയില്‍ സൂര്യക്ക് നേടാന്‍ സാധിച്ചത് വെറും 87 റണ്‍സ് മാത്രം. ക്യാപ്റ്റനായതുകൊണ്ട് മാത്രമാണ് സൂര്യയെ ആരാധകര്‍ ട്രോളാത്തതെന്നും വേറെ ഏതെങ്കിലും താരമായിരുന്നെങ്കില്‍ ഈ പ്രകടനവും വെച്ച് ടീമില്‍ തുടരുക ദുഷ്‌കരമാണെന്നും ആരാധകര്‍ പറയുന്നു.