ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം ഇംഗ്ലണ്ടിനെ വിജയത്തീരത്തേക്ക് അടുപ്പിച്ച് ഹാരി ബ്രൂക്ക് പുറത്ത്. മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ 106 റണ്‍സിന് 3 വിക്കറ്റെന്ന നിലയില്‍ ഇംഗ്ലണ്ട് പതറിയ ഘട്ടത്തിലാണ് ബ്രൂക്ക് ക്രീസിലെത്തിയത്. വ്യക്തിഗത സ്‌കോര്‍ 19 റണ്‍സില്‍ നില്‍ക്കെ ബ്രൂക്ക് നല്‍കിയ ക്യാച്ച് അവസരം ഇന്ത്യയുടെ മുഹമ്മദ് സിറാജ് നഷ്ടപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ ബൗളിങ്ങിനെ ശക്തമായി പ്രഹരിച്ചാണ് ബ്രൂക്ക് സ്‌കോറിംഗ് ഉയര്‍ത്തിയത്.
375 എന്ന വലിയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഹാരി ബ്രൂക്കിന് മികച്ച പിന്തുണയാണ് സീനിയര്‍ താരമായ ജോ റൂട്ട് നല്‍കിയത്. ഹാരി ബ്രൂക്ക് സ്‌കോറിംഗ് ഉയര്‍ത്താനുള്ള ചുമതല ഏറ്റെടുത്തപ്പോള്‍ 91 പന്തില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. വിജയലക്ഷ്യത്തിലേക്ക് അതിവേഗം കുതിക്കവെയാണ് താരം ആകാശ് ദീപിന്റെ പന്തില്‍ ഷോട്ടിന് ശ്രമിച്ച് ബ്രൂക്ക് വിക്കറ്റ് നഷ്ടപ്പെടുത്തിയത്. ഷോട്ടിനായി ശ്രമിക്കുന്നതിനിടെ ബ്രൂക്കിന്റെ കയ്യില്‍ നിന്നും ബാറ്റ് സ്‌ക്വയര്‍ ലെഗിലേക്ക് തെറിച്ചിരുന്നു. 19 റണ്‍സില്‍ നില്‍ക്കെ ബ്രൂക്കിനെ കൈവിട്ട മുഹമ്മദ് സിറാജാണ് ബ്രൂക്കിനെ പുറത്താക്കാനുള്ള ക്യാച്ചെടുത്തത്. എന്നാല്‍ പുറത്താകുമ്പോള്‍ ഇംഗ്ലണ്ടിനെ 300 റണ്‍സ് കടത്താന്‍ ബ്രൂക്കിന് സാധിച്ചിരുന്നു.