ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ലോർഡ്സ് ടെസ്റ്റിലെ രണ്ടാമിന്നിങ്ങ്സിന് ബാറ്റിംഗിന് ഇറങ്ങിയ ഇംഗ്ലണ്ടിന് ബാറ്റിംഗ് തകര്‍ച്ച. നേരത്തെ ആദ്യ ഇന്നിങ്ങ്‌സ് ബാറ്റ് ചെയ്ത ഇരുടീമുകളുടെയും ബാറ്റിംഗ് 387 റണ്‍സിന് അവസാനിച്ചിരുന്നു. മൂന്നാം ദിനത്തിന്റെ നാടകീയമായ അവസാന ഓവറിന്റെ തുടര്‍ച്ചയായുള്ള ആവേശമാണ് നാലാം ദിവസത്തിന്റെ തുടക്കത്തിലും ഇന്ത്യന്‍ ബൗളര്‍മാര്‍ കാണിച്ചത്. നാലാം ദിനത്തിന്റെ ഒന്നാം സെഷന്‍ അവസാനിക്കുമ്പൊള്‍ 98 റണ്‍സിന് 4 വിക്കറ്റ് നഷ്ടമായ നിലയിലാണ് ഇംഗ്ലണ്ട്.
മത്സരത്തില്‍ ഓപ്പണറായ ബെന്‍ ഡെക്കറ്റിനെയും ഒലി പോപ്പിനെയും പുറത്താക്കികൊണ്ട് മുഹമ്മദ് സിറാജാണ് ഇംഗ്ലണ്ടിന് ആദ്യത്തെ അടി ഏല്‍പ്പിച്ചത്.പിന്നാലെ 22 റണ്‍സില്‍ നിന്നിരുന്ന സാക് ക്രൗളിയെ നിതീഷ് കുമാര്‍ പവലിയനിലേക്കെത്തിച്ചു. ആക്രമിച്ച് കളിച്ചുകൊണ്ട് സ്‌കോര്‍ ബോര്‍ഡ് ഉയര്‍ത്തിയ ഹാരി ബ്രൂക്കിന്റെ വിക്കറ്റും ഇംഗ്ലണ്ടിന് നഷ്ടമായി. 19 പന്തില്‍ 23 റണ്‍സെടുത്ത ഹാരി ബ്രൂക്കിനെ ആകാശ് ദീപാണ് പുറത്താക്കിയത്. ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ 17 റണ്‍സുമായി ജോ റൂട്ടും 2 റണ്‍സുമായി നായകന്‍ ബെന്‍ സ്റ്റോക്‌സുമാണ് ക്രീസിലുള്ളത്.