ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലും പരാജയപ്പെട്ട് ടെസ്റ്റ് പരമ്പര അടിയറവ് വെച്ച് ഇന്ത്യ. 2 മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 408 റണ്‍സിന്റെ വമ്പന്‍ പരാജയമാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. ന്യൂസിലന്‍ഡിനെതിരെ 3-0ത്തിന് പരമ്പര കൈവിട്ട ശേഷമാണ് ദക്ഷിണാഫ്രിക്കക്കെതിരെയും സ്വന്തം നാട്ടില്‍ ഇന്ത്യ വൈറ്റ് വാഷ് ചെയ്യപ്പെടുന്നത്. ഇതോടെ 2 തവണ സ്വന്തം നാട്ടില്‍ പരമ്പര വൈറ്റ് വാഷ് ചെയ്യപ്പെട്ടപ്പോഴും പരിശീലകനായതിന്റെ നാണക്കേട് ഗൗതം ഗംഭീര്‍ സ്വന്തമാക്കി.
നേരത്തെ പരമ്പരയിലെ ആദ്യ മത്സരത്തില്‍ ദക്ഷിനാഫ്രിക്കക്കെതിരെ 30 റണ്‍സിന്റെ തോല്‍വിയാണ് ഇന്ത്യ ഏറ്റുവാങ്ങിയത്. 124 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയിട്ടും ഇന്ത്യന്‍ പോരാട്ടം വെറും 93 റണ്‍സില്‍ അവസാനിക്കുകയായിരുന്നു. രണ്ടാം ടെസ്റ്റില്‍ ആദ്യ ഇന്നിങ്ങ്‌സില്‍ ദക്ഷിണാഫ്രിക്ക 489 റണ്‍സ് നേടിയപ്പൊള്‍ ഇന്ത്യയുടെ ഇന്നിങ്ങ്‌സ് 201 റണ്‍സില്‍ അവസാനിച്ചിരുന്നു. രണ്ടാം ഇന്നിങ്ങ്‌സില്‍ 549 റണ്‍സ് വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് മുന്നിലുണ്ടായിരുന്നത്. എന്നാല്‍ വെറും 140 റണ്‍സില്‍ തന്നെ ഇന്ത്യന്‍ ബാറ്റര്‍മാരെല്ലാം പവലിയനില്‍ തിരിച്ചെത്തി.
87 പന്തില്‍ 54 റണ്‍സുമായി രവീന്ദ്ര ജഡേജയും 139 പന്തില്‍ 14 റണ്‍സുമായി സായ് സുദര്‍ശനും മാത്രമാണ് രണ്ടാം ഇന്നിങ്ങ്‌സില്‍ ഇന്ത്യയ്ക്കായി അല്പമെങ്കിലും പൊരുതിയത്. നിതീഷ് കുമാര്‍ റണ്‍സൊന്നും നേടാതെയും ധ്രുവ് ജുറല്‍ 2 റണ്‍സിനുമാണ് പുറത്തായത്. ദക്ഷിണാഫ്രിക്കയ്ക്കായി സൈമണ്‍ ഹാര്‍മര്‍ 6 വിക്കറ്റുകള്‍ സ്വന്തമാക്കി. കേശവ് മഹാരാജ് 2 വിക്കറ്റും മാര്‍ക്കോ യാന്‍സന്‍, സെനുരാന്‍ മുത്തുസ്വാമി എന്നിവര്‍ ഓരോ വിക്കറ്റും നേടി.
കെ എല്‍ രാഹുല്‍ കുല്‍ദീപ് യാദവ്, റിഷഭ് പന്ത്, ധ്രുവ് ജുറല്‍, വാഷിങ്ടണ്‍ സുന്ദര്‍, നിതീഷ് കുമാര്‍ റെഡ്ഡി എന്നിവരെയാണ് ഹാര്‍മര്‍ മടക്കിയത്.