ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റിലെ നാലാം ദിവസത്തില്‍ ദക്ഷിണാഫ്രിക്ക ഇന്നിങ്ങ്‌സ് ഡിക്ലെയര്‍ ചെയ്യുന്നതില്‍ താമസം വരുത്തിയതില്‍ ദക്ഷിണാഫ്രിക്കന്‍ ഹെഡ് കോച്ച് ഷുക്രി കോണ്‍റാഡ് നടത്തിയ ഗ്രോവല്‍(Grovel)പരാമര്‍ശം വിവാദത്തില്‍. ചരിത്രപരമായി പ്രാധാന്യമുള്ള ഈ വാക്കിന്റെ ഉപയോഗം നടത്തിയതാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചിരിക്കുന്നത്. ഒരു ടീമിനെ തീര്‍ത്തും നിസ്സഹായരും അപമാനിതരുമാക്കി തോല്‍പ്പിക്കുക എന്നതാണ് ഗ്രോവല്‍ എന്ന വാക്കിന്റെ അര്‍ഥം. എന്നാല്‍ വംശീയമായും വ്യാഖ്യാനങ്ങളുള്ള വാക്കാണിത്.
1976ല്‍ വെസ്റ്റിന്‍ഡീസില്‍ ഇംഗ്ലണ്ട് പര്യടനം നടത്തിയപ്പോള്‍ ഇംഗ്ലണ്ട് ക്യാപ്റ്റനായ ടോണി ഗ്രീഗ് വെസ്റ്റിന്‍ഡീസ് ടീമിനെ ഗ്രോവല്‍ ചെയ്യിപ്പിക്കും എന്ന് പറഞ്ഞത് വലിയ വിവാദമായിരുന്നു. വംശീയമായ വ്യാഖ്യാനത്തോടെ നടത്തിയ ഈ പരാമര്‍ശം അധിക്ഷേപമായാണ് കണക്കാക്കിയത്. ആ സീരീസ് പക്ഷേ 3-0ത്തിന് വിജയിച്ച് വെസ്റ്റിന്‍ഡീസ് മറുപടി പറഞ്ഞത് ക്രിക്കറ്റ് ചരിത്രത്തിലെ മറക്കാനാവാത്ത അദ്ധ്യായമാണ്.
നാലാം ദിവസത്തെ കളിക്ക് ശേഷം നടന്ന പത്രസമ്മേളനത്തിലാണ്. ഇന്ത്യ കളിക്കളത്തില്‍ ഗ്രോവല്‍ ചെയ്യണമെന്ന് തങ്ങള്‍ ആഗ്രഹിച്ചിരുന്നതായി ദക്ഷിണാഫ്രിക്കന്‍ ഹെഡ് കോച്ച് പറഞ്ഞത്. ഗ്രൗണ്ടില്‍ എപ്പോള്‍ ബാറ്റിംഗ് വരുമെന്നോ കളി എങ്ങനെ പിടിക്കാമെന്നോ ധാരണയില്ലാതെ ഇന്ത്യ നിസ്സഹായരായി നില്‍ക്കുന്നത് കാണാനാണ് ഡിക്ലെയര്‍ തീരുമാനം വൈകിപ്പിച്ചതെന്നാണ് കോണ്‍റാഡ് വ്യക്തമാക്കിയത്. ഈ പരാമര്‍ശം ഇന്ത്യന്‍ ആരാധകര്‍ക്കിടയില്‍ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്.