ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോലി ടെസ്റ്റ് ഫോര്‍മാറ്റില്‍ കളി തുടരണമായിരുന്നുവെന്ന് മുന്‍ ഇന്ത്യന്‍ താരമായ ശ്രീവത്സ് ഗോസ്വാമി. ഏകദിന ഫോര്‍മാറ്റില്‍ നിന്നും വിരമിച്ച് ടെസ്റ്റില്‍ തുടരുകയാണ് കോലി ചെയ്യേണ്ടിയിരുന്നതെന്നാണ് ഗോസ്വാമി പറയുന്നത്. കോലിയുടെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ ഇന്ത്യന്‍ ടീമിനുണ്ടായിരുന്ന ആത്മവിശ്വാസവും ഊര്‍ജവും ഇപ്പോഴില്ലെന്നും മുന്‍ ആര്‍സിബി താരം കൂടിയായിരുന്ന ഗോസ്വാമി വ്യക്തമാക്കി.
ഗുവാഹത്തി ടെസ്റ്റിലും ഇന്ത്യ പരാജയം മുന്നില്‍ കാണുന്ന അവസ്ഥയിലാണ് മുന്‍ ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. കോലി ഏകദിനത്തില്‍ നിന്നും വിരമിച്ച് ടെസ്റ്റില്‍ തുടരുകയായിരുന്നു ചെയ്യേണ്ടിയിരുന്നത്. ടെസ്റ്റ് ക്രിക്കറ്റ് കോലിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ഒരു താരം എന്ന നിലയില്‍ മാത്രമല്ല. കോലി ടീമിലുണ്ടാക്കിയിരുന്ന ഊര്‍ജവും ഏത് സാഹചര്യത്തിലും വിജയിക്കാനാകുമെന്ന ആത്മവിശ്വാസവും ഇപ്പോഴില്ല. ഗോസ്വാമി എക്‌സില്‍ കുറിച്ചു.
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടെസ്റ്റിലെ ആദ്യ ഇന്നിങ്ങ്‌സില്‍ ഇന്ത്യ 201 റണ്‍സിന് പുറത്തായതോടെ ആദ്യ ഇന്നിങ്ങ്‌സില്‍ 288 റണ്‍സിന്റെ കൂറ്റന്‍ ലീഡ് ദക്ഷിണാഫ്രിക്ക നേടിയിരുന്നു. നാലാം ദിനത്തില്‍ 500+ ലീഡ് സ്വന്തമാക്കി ഇന്ത്യയുടെ ചെറിയ വിജയസാധ്യത പോലും ഇല്ലാതെയാക്കാനാകും ദക്ഷിണാഫ്രിക്കയുടെ നീക്കം.