India vs Australia, 5th Test: നാളെ കാത്തിരിക്കുന്നത് സൂപ്പര്‍ ത്രില്ലര്‍; സിഡ്‌നിയില്‍ എന്തും സംഭവിക്കാം !
മൂന്നാം ദിനമായ നാളെ മുതല്‍ സിഡ്‌നിയിലെ പിച്ചില്‍ ബാറ്റ് ചെയ്യുക അതീവ ദുഷ്‌കരമായിരിക്കും
India vs Australia, 5th Test: സിഡ്‌നി ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക്. മൂന്നാം ദിനമായ നാളെ കളി അവസാനിക്കാനാണ് സാധ്യത. രണ്ടാം ദിനമായ ഇന്ന് കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 32 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 141 റണ്‍സാണ് നേടിയിരിക്കുന്നത്. ഒന്നാം ഇന്നിങ്‌സിലെ നാല് റണ്‍സ് ലീഡ് അടക്കം ഇന്ത്യയുടെ ആകെ ലീഡ് 145 ആയിട്ടുണ്ട്.
39 പന്തില്‍ എട്ട് റണ്‍സുമായി രവീന്ദ്ര ജഡേജയും 17 പന്തില്‍ ആറ് റണ്‍സുമായി വാഷിങ്ടണ്‍ സുന്ദറുമാണ് ക്രീസില്‍. റിഷഭ് പന്തിന്റെ കൗണ്ടര്‍ അറ്റാക്കാണ് ഇന്ത്യയെ വന്‍ തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. വെറും 33 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സ് നേടിയാണ് പന്ത് പുറത്തായത്. യശസ്വി ജയ്‌സ്വാള്‍ 35 പന്തില്‍ 22 റണ്‍സ് നേടി. കെ.എല്‍.രാഹുല്‍ (20 പന്തില്‍ 13), ശുഭ്മാന്‍ ഗില്‍ (15 പന്തില്‍ 13), വിരാട് കോലി (12 പന്തില്‍ ആറ്) എന്നിവര്‍ നിരാശപ്പെടുത്തി. 13 ഓവറില്‍ 42 റണ്‍സ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സ്‌കോട്ട് ബോളണ്ട് ആണ് ഇന്ത്യക്ക് ഭീഷണിയായത്. പാറ്റ് കമ്മിന്‍സും ബ്യു വെബ്സ്റ്ററും ഓരോ വിക്കറ്റ് വീഴ്ത്തി.
മൂന്നാം ദിനമായ നാളെ മുതല്‍ സിഡ്‌നിയിലെ പിച്ചില്‍ ബാറ്റ് ചെയ്യുക അതീവ ദുഷ്‌കരമായിരിക്കും. പിച്ചില്‍ വിള്ളലുകള്‍ വര്‍ധിച്ചു വരുന്നതിനാല്‍ ബാറ്റര്‍മാര്‍ക്കു പ്രതികൂലമായിരിക്കും കാര്യങ്ങള്‍. ലീഡ് 200 ലേക്ക് എത്തിച്ചാല്‍ കാര്യങ്ങള്‍ ഇന്ത്യക്ക് അനുകൂലമാകും. അതേസമയം റിഷഭ് പന്തിനെ പോലെ ഒന്നോ രണ്ടോ പേര്‍ കൗണ്ടര്‍ അറ്റാക്ക് കളിച്ചാല്‍ കാര്യങ്ങള്‍ ഓസ്‌ട്രേലിയയുടെ വരുതിയിലേക്ക് വരും. മൂന്നാം ദിനമായ നാളെ ഒരു സൂപ്പര്‍ ത്രില്ലറിനായിരിക്കും സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ട് സാക്ഷ്യം വഹിക്കുക.