India vs England, 4th Test, Day 2: ഇന്ത്യക്ക് 'ബാസ്‌ബോള്‍' ട്രാപ്പ്; വിക്കറ്റെടുക്കാനാവാതെ ബുംറയും സിറാജും
എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിലേക്ക് എത്താന്‍ ഇംഗ്ലണ്ടിനു വേണ്ടത് വെറും 133 റണ്‍സ്
India vs England 4th Test
India vs England, 4th Test, Day 2: മാഞ്ചസ്റ്റര്‍ ടെസ്റ്റിന്റെ രണ്ടാം ദിനം ആതിഥേയരായ ഇംഗ്ലണ്ട് ശക്തമായ നിലയില്‍. ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 358 പിന്തുടരുന്ന ആതിഥേയര്‍ രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 46 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 225 റണ്‍സെടുത്തിട്ടുണ്ട്.
എട്ട് വിക്കറ്റുകള്‍ ശേഷിക്കെ ഇന്ത്യയുടെ സ്‌കോറിലേക്ക് എത്താന്‍ ഇംഗ്ലണ്ടിനു വേണ്ടത് വെറും 133 റണ്‍സ്. 42 പന്തില്‍ 20 റണ്‍സുമായി ഒലി പോപ്പും 27 പന്തില്‍ 11 റണ്‍സുമായി ജോ റൂട്ടുമാണ് ക്രീസില്‍. ഓപ്പണര്‍മാരായ ബെന്‍ ഡക്കറ്റ് (100 പന്തില്‍ 94), സാക് ക്രൗലി (113 പന്തില്‍ 84) എന്നിവരുടെ വിക്കറ്റുകളാണ് ആതിഥേയര്‍ക്കു നഷ്ടമായത്.
ഇന്ത്യയുടെ പേസ് നിരയുടെ കുന്തമുനകളായ ജസ്പ്രിത് ബുംറയ്ക്കും മുഹമ്മദ് സിറാജിനും ഇതുവരെ വിക്കറ്റുകള്‍ വീഴ്ത്താന്‍ സാധിച്ചിട്ടില്ല. അരങ്ങേറ്റക്കാരന്‍ അന്‍ഷുല്‍ കംബോജും സ്പിന്നര്‍ രവീന്ദ്ര ജഡേജയുമാണ് ഓരോ വിക്കറ്റുകള്‍ വീഴ്ത്തിയിരിക്കുന്നത്. ജസ്പ്രിത് ബുംറ (2.80 ഇക്കോണമി) ഒഴിച്ച് മറ്റെല്ലാ ബൗളര്‍മാരും നാലിനു മുകളില്‍ ഇക്കോണമി വഴങ്ങി.
സായ് സുദര്‍ശന്‍ (151 പന്തില്‍ 61), യശസ്വി ജയ്‌സ്വാള്‍ (107 പന്തില്‍ 58), റിഷഭ് പന്ത് (75 പന്തില്‍ 54) എന്നിവര്‍ ഇന്ത്യക്കായി ഒന്നാം ഇന്നിങ്‌സില്‍ അര്‍ധ സെഞ്ചുറി നേടി. കെ.എല്‍.രാഹുല്‍ 98 പന്തില്‍ 46 റണ്‍സും ശര്‍ദുല്‍ താക്കൂര്‍ 88 പന്തില്‍ 41 റണ്‍സുമെടുത്തു. ഇംഗ്ലണ്ടിനായി നായകന്‍ ബെന്‍ സ്റ്റോക്‌സ് അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി. ജോഫ്ര ആര്‍ച്ചര്‍ക്ക് മൂന്ന് വിക്കറ്റ്.