ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ മൂന്നാം ദിനത്തിലെ അവസാന ഓവറിലുണ്ടായ നാടകീയ സംഭവങ്ങളില്‍ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലിനെതിരെ വിമര്‍ശനവുമായി മുന്‍ ഇംഗ്ലണ്ട് ഓപ്പണര്‍ ജൊനാഥന്‍ ട്രോട്ട്. മൂന്നാം ദിനം രണ്ടാം ഇന്നിങ്ങ്‌സ് ബാറ്റ് ചെയ്യാനായി എത്തിയ ഇംഗ്ലണ്ട് മത്സരം 2 ഓവറിലേക്ക് നീങ്ങുന്നത് തടായാനായി ബോധപൂര്‍വം സമയം പാഴാക്കാനായി ശ്രമിച്ചിരുന്നു. ഇതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ ശുഭ്മാന്‍ ഗില്ലും ഇംഗ്ലണ്ട് ഓപ്പണര്‍മാരായ സാക് ക്രോളിയും ബെന്‍ ഡെക്കറ്റും തമ്മില്‍ വാക്‌പോരും സംഭവിച്ചിരുന്നു. ഇതിനിടെ സാക് ക്രോളിക്കെതിരെ ആക്ഷേപകരമായ രീതിയിലാണ് ശുഭ്മാന്‍ ഗില്‍ പെരുമാറിയത്. ഇതാണ് ജൊനാഥന്‍ ട്രോട്ടിനെ ചൊടുപ്പിച്ചിരിക്കുന്നത്.
ഗില്‍ തന്റെ മുന്‍ നായകനെ അന്ധമായി അനുകരിക്കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നതെന്നാണ് ജൊനാഥന്‍ ട്രൊട്ടിന്റെ വിമര്‍ശനം. ക്രോളിക്കെതിരെ നടന്നടുത്തുകൊണ്ട് വിരല്‍ ചൂണ്ടി സംസാരിച്ചതോടെ ഗില്‍ മാന്യതയുടെ പരിധികളെല്ലാം ലംഘിച്ചെന്നും ഇംഗ്ലണ്ട് ഫീല്‍ഡ് ചെയ്യുമ്പോള്‍ എന്താണ് സംഭവിച്ചതെന്ന് എല്ലാവരും കണ്ടതാണെന്നും ട്രോട്ട് പറഞ്ഞു. മുന്‍ നായകനെ പോലെ എതിര്‍ ടീമിനെതിരെ ആക്രമണോത്സുകനായി വിരല്‍ ചൂണ്ടി എതിര്‍ടീമിനെ ഭയപ്പെടുത്താനാകും ഗില്‍ ശ്രമിച്ചിരിക്കുക. എന്നാല്‍ അത് ശരിയായ കാര്യമായി ഞാന്‍ കരുതുന്നില്ല. ട്രോട്ട് പറഞ്ഞു.
അതേസമയം മൂന്നാം ദിനം ഒരോവര്‍ പോലും ബാറ്റ് ചെയ്യാന്‍ ഇംഗ്ലണ്ട് ആഗ്രഹിച്ചിരുന്നില്ല എന്നതാണ് യാഥാര്‍ഥ്യമെന്ന് മത്സരത്തിലെ കമന്റേറ്റര്‍ കൂടിയായിരുന്ന മുന്‍ ഇന്ത്യന്‍ നായകന്‍ അനില്‍ കുംബ്ലെ പറഞ്ഞു. മൂന്നാം ദിനത്തിന്റെ അവസാന സെഷനില്‍ ഒരോവര്‍ പോലും ബാറ്റ് ചെയ്യാന്‍ ഇംഗ്ലണ്ട് ആഗ്രഹിച്ചിരുന്നില്ല. അവരുടെ ശരീരഭാഷയില്‍ തന്നെ അത് വ്യക്തമായിരുന്നുവെന്നും കുംബ്ലെ പറഞ്ഞു.