India vs England, 1st T20I Live Scorecard:എറിഞ്ഞുവീഴ്ത്തി ബൗളര്‍മാര്‍, അടിച്ചുപറത്തി അഭിഷേക് ശര്‍മ; ഒന്നാം ട്വന്റി 20 യില്‍ ഇംഗ്ലണ്ട് മുട്ടുമടക്കി !
ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്
Tilak Varma and Abhishek Sharma
India vs England, 1st T20I Live Scorecard: ഇംഗ്ലണ്ടിനെതിരായ ട്വന്റി 20 പരമ്പരയിലെ ഒന്നാം മത്സരത്തില്‍ ആതിഥേയരായ ഇന്ത്യക്ക് ആധികാരിക ജയം. കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 133 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ഇന്ത്യ വെറും മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 43 പന്തുകള്‍ ബാക്കി നില്‍ക്കെ അത് മറികടന്നു.
ഓപ്പണര്‍ അഭിഷേക് ശര്‍മയാണ് ഇന്ത്യയുടെ ജയം അനായാസമാക്കിയത്. 34 പന്തില്‍ അഞ്ച് ഫോറും എട്ട് സിക്‌സും സഹിതം 79 റണ്‍സാണ് അഭിഷേക് ശര്‍മ നേടിയത്. സ്‌ട്രൈക് റേറ്റ് 232.35 ! മലയാളി താരം സഞ്ജു സാംസണ്‍ 20 പന്തില്‍ നാല് ഫോറും ഒരു സിക്‌സും സഹിതം 26 റണ്‍സ് നേടി. നായകന്‍ സൂര്യകുമാര്‍ യാദവ് (പൂജ്യം) നിരാശപ്പെടുത്തി. തിലക് വര്‍മ (16 പന്തില്‍ 19), ഹാര്‍ദിക് പാണ്ഡ്യ (നാല് പന്തില്‍ മൂന്ന്) എന്നിവര്‍ പുറത്താകാതെ നിന്നു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇംഗ്ലണ്ടിന് തുടക്കം മുതല്‍ തിരിച്ചടികളായിരുന്നു. ആദ്യ ഓവറില്‍ തന്നെ ഇംഗ്ലണ്ടിന് ഓപ്പണര്‍ ഫിലിപ് സാള്‍ട്ടിനെ (മൂന്ന് പന്തില്‍ പൂജ്യം) നഷ്ടമായി. പിന്നീടങ്ങോട്ട് കൃത്യമായ ഇടവേളകളില്‍ ഇംഗ്ലീഷ് ബാറ്റര്‍മാരെ കൂടാരം കയറ്റാന്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്കു സാധിച്ചു. നായകന്‍ ജോസ് ബട്‌ലര്‍ (44 പന്തില്‍ 68) പൊരുതിയെങ്കിലും ഇംഗ്ലണ്ട് സ്‌കോര്‍ 150 ല്‍ എത്തിക്കാന്‍ സാധിച്ചില്ല. ഇന്ത്യക്കായി വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 23 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. അര്‍ഷ്ദീപ് സിങ്, അക്‌സര്‍ പട്ടേല്‍, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് രണ്ട് വീതം വിക്കറ്റുകള്‍.
അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 1-0 ത്തിനു മുന്നിലെത്തി.