വനിതാ ഏകദിന ലോകകപ്പിന് മുന്നോടിയായുള്ള സന്നാഹമത്സരത്തില്‍ ന്യൂസിലന്‍ഡിനെ 4 വിക്കറ്റിന് തകര്‍ത്ത് ഇന്ത്യ. ബംഗളുരുവില്‍ മഴയെ തുടര്‍ന്ന് 42 ഓവറാക്കി ചുരുക്കിയ മത്സരത്തില്‍ ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ന്യൂസിലന്‍ഡ് 8 വിക്കറ്റ് നഷ്ടത്തില്‍ 232 റണ്‍സാണ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 40.2 ഒവറില്‍ 6 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 74 റണ്‍സുമായി ഹര്‍ലീന്‍ ഡിയോള്‍ 69 റണ്‍സുമായി ക്യാപ്റ്റന്‍ ഹര്‍മന്‍ പ്രീത് കൗര്‍ എന്നിവരാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്.
മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡിനായി സോഫി ഡിവൈന്‍, അമേലിയ കൈര്‍, മാഡി ഗ്രീന്‍ എന്നിവരാണ് മികച്ച പ്രകടനം പുറത്തെടുത്തത്. സോഫി ഡിവൈന്‍ 54 റണ്‍സുമായി ടീമിന്റെ ടോപ് സ്‌കോററായപ്പോള്‍ അമേലിയ കൈര്‍ 40 റണ്‍സും മാഡി ഗ്രീന്‍ 49 റണ്‍സും സ്വന്തമാക്കി. ഇന്ത്യയ്ക്ക് വേണ്ടി എന്‍ ചരണി 3 വിക്കറ്റും അരുന്ധതി റെഡ്ഡി, ക്രാന്തി ഗോള്‍ഡ് എന്നിവര്‍ 2 വീതം വിക്കറ്റും നേടി.
സ്മൃതി മന്ദാന ഇല്ലാതെ ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തിലെ ഓപ്പണര്‍ പ്രതിക റാവലിനെ നഷ്ടമായെങ്കിലും ഹര്‍ലീന്‍ ഡിയോള്‍, ഹര്‍മന്‍ പ്രീത് എന്നിവര്‍ ചേര്‍ന്ന് ടീമിനെ മികച്ച നിലയിലെത്തിച്ചു. ഹര്‍മന്‍ പ്രീത് പുറത്താവുകയും ഹര്‍ലീന്‍ ഡിയോള്‍ റിട്ടയര്‍ഡ് ഹര്‍ട്ടായി മടങ്ങുകയും ചെയ്തതിന് പിന്നാലെ തുടരെ വിക്കറ്റുകള്‍ നഷ്ടമായെങ്കിലും ഇന്ത്യ അനായാസം മത്സരത്തില്‍ വിജയിക്കുകയായിരുന്നു.