La Liga: മാഡ്രിഡ് ഡർബിയിൽ റയലിനെ തകർത്ത് അത്ലറ്റികോ, അടിച്ചുകൂട്ടിയത് 5 ഗോളുകൾ!
രണ്ടാം പകുതിയില്‍ റയലിനെ പൂര്‍ണ്ണമായും നിഷ്പ്രഭരാക്കിയാണ് അത്‌ലറ്റികോ കളിച്ചത്.
ലാലിഗയിലെ മാഡ്രിഡ് ഡര്‍ബിയില്‍ ചിരവൈരികളായ റയല്‍ മാഡ്രിഡിനെതിരെ തകര്‍പ്പന്‍ വിജയം സ്വന്തമാക്കി അത്‌ലറ്റികോ മാഡ്രിഡ്. മെട്രോപോളിറ്റാനോയില്‍ നടന്ന മത്സരത്തില്‍ രണ്ടിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് ഡീഗോ സിനിമിയോണിയുടെ ടീം വിജയം സ്വന്തമാക്കിയത്.
മത്സരത്തിന്റെ പതിനാലാം മിനിറ്റില്‍ റോബിന്‍ ലെ നോര്‍മാന്‍ഡിലൂടെ അത്‌ലറ്റികോ മുന്നിലെത്തിയെങ്കിലും ഇരുപത്തിയഞ്ചാം മിനിറ്റില്‍ കിലിയന്‍ എംബാപ്പെയിലൂടെ റയല്‍ ഗോള്‍ മടക്കി. 36മത്തെ മിനിറ്റില്‍ ആര്‍ഡെ ഗുള്ളര്‍ നേടിയ ഗോളില്‍ റയല്‍ മുന്നിലെത്തുകയും ചെയ്തു. എന്നാല്‍ ആദ്യ പകുതിയുടെ അധികസമയത്ത് കൊക്കെ നല്‍കിയ ക്രോസില്‍ നിന്നും അലക്‌സാണ്ടര്‍ സോര്‍ലോത്ത് അത്‌ലറ്റികോയുടെ സമനില ഗോള്‍ നേടി.
രണ്ടാം പകുതിയില്‍ റയലിനെ പൂര്‍ണ്ണമായും നിഷ്പ്രഭരാക്കിയാണ് അത്‌ലറ്റികോ കളിച്ചത്. മത്സരം തുടങ്ങി 6 മിനിറ്റിനുള്ളില്‍ ഗുള്ളറുടെ അപകടകരമാായ ഫൗളില്‍ അത്‌ലറ്റികോയ്ക്ക് ലഭിച്ച പെനാല്‍റ്റി ഹൂലിയന്‍ അല്‍വാരസ് മുതലാക്കി. 63മത്തെ മിനിറ്റില്‍ അല്‍വാരസ് തന്റെ രണ്ടാം ഗോള്‍ നേടി ലീഡ് നില ഉയര്‍ത്തി. ആശ്വാസഗോളിനായി റയല്‍ ശ്രമിക്കവെ ഫെദറിക്കോ വാല്‍വെര്‍ദെയുടെ മോശം പാസ് തട്ടിയെടുത്ത് അലക്‌സ് ബയേന നല്‍കിയ ത്രൂബോള്‍ ആന്റോയിന്‍ ഗ്രീസ്മാന്‍ മുതലാക്കിയതോടെയാണ് മത്സരത്തിലെ അഞ്ചാം ഗോള്‍ പിറന്നത്.