പന്തിന് ഇനിയും പിഴച്ചാല്‍ ഇവര്‍ ടീമില്‍; പകരക്കാരുടെ പേരുകള്‍ വെളിപ്പെടുത്തി പ്രസാദ്

മെര്‍ലിന്‍ സാമുവല്‍

ശനി, 21 സെപ്‌റ്റംബര്‍ 2019 (18:30 IST)
മഹേന്ദ്ര സിംഗ് ധോണിയുടെ പകരക്കാരനായി ടീമിലെത്തി പ്രതീക്ഷകള്‍ തകിടം മറിച്ച താരമാണ് യുവ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത്. തുടര്‍ച്ചയായി പരാജയപ്പെടുന്നതും അനാവശ്യ ഷോട്ടുകള്‍ കളിക്കുന്നതില്‍ മടിയില്ലാത്തതുമാണ് താരത്തിനെതിരെ വിമര്‍ശനം ശക്തമാകാന്‍ കാരണം.

ഇന്ത്യന്‍ ടീം പരിശീലകന്‍ രവി ശാസ്‌ത്രി, ബാറ്റിംഗ് പരിശീലകന്‍ വിക്രം റാത്തോഡ് ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി, ചീഫ് സെലക്‍ടര്‍ എം എസ് കെ പ്രസാദ്, മുന്‍ ക്യാപ്‌റ്റന്‍ സുനില്‍ ഗവാസ്‌കര്‍ എന്നിവര്‍ പന്തിനെതിരെ പരസ്യ പ്രസ്‌താവന നടത്തിയിരുന്നു.

വേണ്ടിവന്നാല്‍ പന്തിന് പകരക്കാരനെ കണ്ടെത്തുമെന്നും താരത്തിന് വിശ്രമം നല്‍കാന്‍ മടിയില്ലെന്നുമാ‍ണ്  പ്രസാദ് മുമ്പ് പറഞ്ഞത്. ഇതിനിടെ പന്തിന് പകരക്കാരായി പട്ടികയിലുള്ളവരുടെ പേരുകള്‍ വെളിപ്പെടുത്തിയിരിക്കുകയാണ് മുഖ്യ സെലക്‍ടര്‍.

സഞ്ജു സാംസണ്‍, ഇഷാന്‍ കിഷന്‍, കെ എസ് ഭരത് എന്നീ മൂന്ന് താരങ്ങളെയാണ് പന്തിന് പകരക്കാരനായി പരിഗണിക്കുന്നതെന്ന് പ്രസാദ് പറഞ്ഞു. ടെസ്‌റ്റ് മത്സരങ്ങളില്‍ വൃദ്ധിമാന്‍ സാഹയ്‌ക്ക് അവസരം നല്‍കേണ്ടതുണ്ടോ എന്ന് ടീം മാനേജ്‌മെന്റാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പന്തിനെതിരെ വിമര്‍ശനം ശക്തം; പ്രതികരണവുമായി ഗാംഗുലി