ഒരു പരമ്പര കൈവിട്ട ശേഷം വ്യക്തിഗത നേട്ടം ആഘോഷിക്കാനാവില്ലെന്ന് ഇന്ത്യന്‍ പരിശീലകനായ ഗൗതം ഗംഭീര്‍. വ്യക്തിഗത നേട്ടങ്ങളില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ടീമിന്റെയും രാജ്യത്തിന്റെയും നേട്ടമാണ് പ്രധാനമെന്നും സ്റ്റാര്‍ സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ ഗംഭീര്‍ പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ ഒരു സെഞ്ചുറിയും അര്‍ധസെഞ്ചുറിയും നേടിയ മുന്‍ നായകന്‍ രോഹിത് ശര്‍മയായിരുന്നു പരമ്പരയിലെ താരമായി മാറിയത്.
പരമ്പരയിലെ ആദ്യ 2 മത്സരങ്ങളിലും ഇന്ത്യ പരാജയപ്പെട്ടപ്പോള്‍ മൂന്നാം മത്സരത്തില്‍ സീനിയര്‍ താരങ്ങളായ വിരാട് കോലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ നിരയില്‍ തിളങ്ങിയിരുന്നു. രോഹിത്തിന്റെയോ കോലിയുടെയോ പേരെടുത്ത് പറയാതെയാണ് ഗംഭീര്‍ പരാമര്‍ശിച്ചെങ്കിലും ആരാധകര്‍ ഇത് ചര്‍ച്ചയാക്കിയിരിക്കുകയാണ്. ഞാന്‍ ഒരുകാലത്തും വ്യക്തിഗത നേട്ടങ്ങളില്‍ വിശ്വസിക്കുന്ന ആളല്ല, വ്യക്തിഗത നേട്ടങ്ങളില്‍ സന്തോഷമുണ്ട്. പക്ഷേ ആത്യന്തികമായി നമ്മള്‍ പരമ്പര തോറ്റു എന്നതാണ് പ്രധാനം. ഒരു പരമ്പര തോറ്റിട്ട് വ്യക്തിഗത നേട്ടങ്ങളില്‍ സന്തോഷിക്കാന്‍ കോച്ചെന്ന നിലയില്‍ എനിക്ക് സാധിക്കില്ല.
വ്യക്തിഗത നേട്ടങ്ങളില്‍ ഞാന്‍ കളിക്കാരെ അഭിനന്ദിക്കാറുണ്ട്. പക്ഷേ പരമ്പര കൈവിട്ട ശേഷം വ്യക്തിഗത നേട്ടങ്ങളെ ആഘോഷിക്കാതിരിക്കുക എന്നത് ഒരു ടീം എന്ന നിലയിലും രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും നമ്മുടെ ധാര്‍മിക ഉത്തരവാദിത്തമാണെന്നാണ് ഞാന്‍ കരുതുന്നത്. ആത്യന്തികമായി നമ്മുടെ രാജ്യത്തെയാണ് പ്രതിനിധീകരിക്കുന്നത്.
ടി20 പരമ്പരയെ സംബന്ധിച്ച് കാര്യങ്ങള്‍ വ്യത്യസ്തമായിരുന്നു. നമ്മള്‍ ആ പരമ്പര ജയിച്ചു. ഒരുപാട് നല്ല കാര്യങ്ങള്‍ ടി20 പരമ്പരയിലുണ്ടായെങ്കിലും നമ്മള്‍ നമ്മുടെ മികച്ച പ്രകടനത്തിനടുത്തെത്തിയിട്ടില്ല. 3 മാസങ്ങള്‍ക്കപ്പുറം ടി20 ലോകകപ്പാണ് എന്നതിനാല്‍ ഒരു പരമ്പര നേട്ടത്തിനപ്പുറം നമുക്ക് വേറെയും ലക്ഷ്യങ്ങളുണ്ടായിരുന്നു. ലോകകപ്പിന് മുന്‍പ് ടീമിനെ മികച്ച ഫോമിലെത്തിക്കാനാകുമെന്നാണ് കരുതുന്നത്. ഗംഭീര്‍ പറഞ്ഞു.