Jasprit Bumrah: ഷമി മുതല്‍ കപില്‍ ദേവ് വരെ; വിക്കറ്റ് വേട്ടയില്‍ പുതിയ റെക്കോര്‍ഡുകളുമായി ബുംറ
1,747 പന്തുകള്‍ എറിഞ്ഞാണ് ഇന്ത്യയില്‍ 50 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം ബുംറ കൈവരിച്ചത്
Jasprit Bumrah: വെസ്റ്റ് ഇന്‍ഡീസിനെതിരായ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യക്കായി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ പേസര്‍ ജസ്പ്രിത് ബുംറയ്ക്കു പുതിയ റെക്കോര്‍ഡുകള്‍. ഇന്ത്യയില്‍ അതിവേഗം 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടുന്ന താരമെന്ന നേട്ടം ബുംറയ്ക്കു സ്വന്തം.
1,747 പന്തുകള്‍ എറിഞ്ഞാണ് ഇന്ത്യയില്‍ 50 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം ബുംറ കൈവരിച്ചത്. മുഹമ്മദ് ഷമിക്ക് ഇന്ത്യയില്‍ 50 ടെസ്റ്റ് വിക്കറ്റുകള്‍ നേടാന്‍ 2,267 പന്തുകള്‍ വേണ്ടിവന്നു.
ഇന്നിങ്‌സുകളുടെ എണ്ണമെടുത്താല്‍ 24 ഇന്നിങ്‌സുകളില്‍ നിന്നാണ് ബുംറയുടെ 50 വിക്കറ്റ് നേട്ടം. ജവഗല്‍ ശ്രീനാഥും 24 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. എന്നാല്‍ ബുംറയേക്കാള്‍ അധികം പന്തുകള്‍ എറിയേണ്ടിവന്നിട്ടുണ്ട്. 25 ഇന്നിങ്‌സുകളില്‍ നിന്ന് ഈ നേട്ടം കൈവരിച്ച കപില്‍ ദേവിനെ ബുംറ പിന്നിലാക്കി. ഇഷാന്ത് ശര്‍മ, മുഹമ്മദ് ഷമി എന്നിവര്‍ക്കു ഈ നേട്ടത്തിലേക്ക് എത്താന്‍ 27 ഇന്നിങ്‌സുകള്‍ വേണ്ടിവന്നു.
ഇന്ത്യയില്‍ വെച്ച് അമ്പതോ അതില്‍ അധികമോ വിക്കറ്റുകള്‍ നേടിയ ആദ്യത്തെ 30 ബൗളര്‍മാരില്‍ ഏറ്റവും മികച്ച ശരാശരി (17) ബുംറയ്ക്കാണ്.