Jasprit Bumrah vs Haris Rauf: 'പോയി തരത്തില്‍ കളിക്ക് റൗഫേ'; പാക് താരത്തിന്റെ കുറ്റി തെറിപ്പിച്ച് ബുംറയുടെ 'ഷോക്ക്' (വീഡിയോ)
സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ റൗഫ് ഇന്ത്യ പരിഹസിച്ചിരുന്നു
Jasprit Bumrah Jet Celebration: ഏഷ്യ കപ്പ് ഫൈനലില്‍ ഇന്ത്യന്‍ ആരാധകരുടെ മനംനിറച്ച് പേസര്‍ ജസ്പ്രിത് ബുംറ. ഇന്ത്യയെ തുടര്‍ച്ചയായി പ്രകോപിപ്പിക്കുന്ന പാക്കിസ്ഥാന്‍ താരം ഹാരിസ് റൗഫിനെ ബൗള്‍ഡ് ആക്കിയാണ് ബുംറയുടെ മധുര പ്രതികാരം. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്.
സൂപ്പര്‍ ഫോറിലെ ഇന്ത്യ-പാക്കിസ്ഥാന്‍ മത്സരത്തിനിടെ റൗഫ് ഇന്ത്യ പരിഹസിച്ചിരുന്നു. ഇന്ത്യക്കെതിരെ പാക്കിസ്ഥാന്‍ നടത്തിയ ആക്രമണങ്ങളെ സൂചിപ്പിക്കുന്ന വിധം ഫൈറ്റര്‍-ജെറ്റ് സെലിബ്രേഷന്‍ ഹാരിസ് റൗഫ് നടത്തി. സമാന രീതിയില്‍ റൗഫിനു മറുപടി നല്‍കുകയാണ് ഫൈനലില്‍ ബുംറ ചെയ്തത്.
പാക്കിസ്ഥാന്‍ ഇന്നിങ്‌സിന്റെ 18-ാം ഓവറിലെ അഞ്ചാം പന്തില്‍ ഒരു പെര്‍ഫക്ട് യോര്‍ക്കറിലൂടെ ഹാരിസ് റൗഫിനെ ബുംറ പുറത്താക്കി. ബുംറയുടെ പന്തില്‍ റൗഫിന്റെ ഓഫ് സ്റ്റംപ് തെറിക്കുകയായിരുന്നു. വിക്കറ്റ് നേട്ടം ആഘോഷിക്കാന്‍ ബുംറ ഒരു ആംഗ്യം കാണിച്ചു. റൗഫിന്റെ ഓഫ് സ്റ്റംപ് തെറിച്ചതും വിമാനം താഴേക്ക് പതിക്കുന്ന ആംഗ്യമാണ് ബുംറ കാണിച്ചത്. 'നിന്റെ ഫൈറ്റര്‍-ജെറ്റ് നിലംപതിച്ചിരിക്കുന്നു' എന്നാണ് ബുംറ റൗഫിനോടു ആംഗ്യത്തിലൂടെ പറഞ്ഞത്.
നാല് പന്തില്‍ ആറ് റണ്‍സെടുത്താണ് റൗഫിന്റെ പുറത്താകല്‍. ബൗളിങ്ങിലും റൗഫ് നിരാശപ്പെടുത്തി. 3.4 ഓവറില്‍ 13.60 ഇക്കോണമിയില്‍ 50 റണ്‍സാണ് റൗഫ് വഴങ്ങിയത്.