Jasprit Bumrah: ബെന്‍ സ്റ്റോക്‌സ് പോലും ഇതിലും വേഗതയില്‍ പന്തെറിയും; ബുംറയ്ക്ക് എന്താണ് സംഭവിക്കുന്നത്?
ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് ബുംറയുടെ ബൗളിങ്ങിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്
Jasprit Bumrah: മാഞ്ചസ്റ്റര്‍ ടെസ്റ്റിലെ ജസ്പ്രിത് ബുംറയുടെ പ്രകടനം ഇന്ത്യന്‍ ആരാധകരെ നിരാശപ്പെടുത്തുന്നു. ബാറ്റര്‍മാര്‍ക്കു വെല്ലുവിളിയാകുന്ന തരത്തില്‍ വേഗത പുലര്‍ത്താന്‍ സാധിക്കാത്തതാണ് ബുംറ നേരിടുന്ന പ്രശ്‌നം.
ഇന്ത്യയുടെ മുന്‍ താരം മുഹമ്മദ് കൈഫ് ബുംറയുടെ ബൗളിങ്ങിനെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. ബുംറ ഉടന്‍ ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്നാണ് കൈഫിന്റെ പ്രവചനം. കായികക്ഷമതയാണ് ബുംറയ്ക്കു വെല്ലുവിളിയാകുന്നതെന്നും ഇനി അധികം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കാന്‍ സാധ്യതയില്ലെന്നും കൈഫ് പറഞ്ഞു. ബുംറയുടെ വേഗത പരിശോധിക്കുമ്പോള്‍ കൈഫ് പറയുന്ന കാര്യങ്ങള്‍ പൂര്‍ണമായി തള്ളിക്കളയാനും സാധിക്കില്ല.
ഹെഡിങ്‌ലിയില്‍ നടന്ന ഒന്നാം ടെസ്റ്റിലെ ബുംറയുടെ ആകെ ഡെലിവറികള്‍ എടുത്താല്‍ അതില്‍ 40 ശതമാനം പന്തുകളും 140 കി.മീ വേഗതയോ അതില്‍ കൂടുതലോ ആയിരുന്നു. ലോര്‍ഡ്‌സില്‍ നടന്ന മൂന്നാം ടെസ്റ്റിലേക്ക് എത്തിയപ്പോള്‍ അത് 27 ശതമാനമായി കുറഞ്ഞു. മാഞ്ചസ്റ്ററില്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന നാലാം ടെസ്റ്റില്‍ ആകട്ടെ 30 ഓവറുകള്‍ എറിഞ്ഞിട്ടും അതില്‍ ഒരു ബോള്‍ പോലും 140 കി.മീ വേഗത തൊട്ടിട്ടില്ല. മാഞ്ചസ്റ്ററില്‍ 125-130 കി.മീ വേഗതയാണ് ബുംറയുടെ മിക്ക പന്തുകളും. ഇംഗ്ലണ്ട് മുന്‍ താരമായ മൈക്കള്‍ വോണും ബുംറയുടെ പന്തുകള്‍ക്ക് വേഗത കുറഞ്ഞത് ചൂണ്ടിക്കാട്ടി. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സ് എറിയുന്ന വേഗതയില്‍ പോലും ബുംറയ്ക്ക് പന്തെറിയാന്‍ സാധിക്കുന്നില്ലെന്നാണ് വോണിന്റെ നിരീക്ഷണം.