ഓസ്‌ട്രേലിയക്കെതിരായ പരമ്പരയില്‍ ആദ്യ ടി20 മത്സരങ്ങളില്‍ പേസ് ബൗളര്‍ അര്‍ഷദീപ് സിങ്ങിന് വിശ്രമം നല്‍കിയ തീരുമാനത്തില്‍ വിശദീകരണവുമായി ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ മോണി മോര്‍ക്കല്‍. ദീര്‍ഘകാല ലക്ഷ്യങ്ങള്‍ മുന്നില്‍വെച്ചുകൊണ്ട് വ്യത്യസ്തമായ ബൗളിങ് ഓപ്ഷനുകള്‍ പരീക്ഷിക്കുന്നതിലാണ് ടീം ശ്രദ്ധിച്ചതെന്നും അര്‍ഷദീപിന് സാഹചര്യം കൃത്യമായും അറിയാമെന്നും മോണി മോര്‍ക്കല്‍ പറഞ്ഞു.
അര്‍ഷദീപ് ലോകോത്തര ബൗളറാണ്. പവര്‍പ്ലേയില്‍ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ നേടിയ ബൗളര്‍. അദ്ദേഹം ടീമിന് എത്രമാത്രം വിലപ്പെട്ടവനാണെന്ന് ഞങ്ങള്‍ക്കറിയാം. ഈ പര്യടനത്തില്‍ ടീമിനെ സംബന്ധിച്ചിടത്തോളം കോമ്പിനേഷനുകള്‍ പരീക്ഷിക്കുക എന്നത് പ്രധാനമാണ്. ഇക്കാര്യം അവനറിയാം. സമ്മര്‍ദ്ദഘട്ടങ്ങളില്‍ ഓരോ കളിക്കാരനും എങ്ങനെ പ്രകടനം നടത്തുന്നുവെന്നറിയാന്‍ മാനേജ്‌മെന്റ് ആഗ്രഹിക്കുന്നു.
കഠിനാദ്ധ്വാനം ചെയ്യാനും പരമാവധി ശ്രമിക്കാനും അവസരം ലഭിക്കുമ്പോള്‍ തയ്യാറായിരിക്കാനുമാണ് ടീം മാനേജ്‌മെന്റ് ആഗ്രഹിക്കുന്നത്. ടി20 ലോകകപ്പിലേക്ക് ഇനി അധികം മത്സരങ്ങളില്ലാത്തതിനാല്‍ സമ്മര്‍ദ്ദ സാഹചര്യങ്ങളില്‍ കളിക്കാര്‍ എങ്ങനെ പ്രതികരിക്കുന്നുവെന്ന് അറിയേണ്ടത് പ്രധാനമാണ്. മോര്‍ക്കല്‍ പറഞ്ഞു.
അതേസമയം ആദ്യ 2 ടി20കള്‍ നഷ്ടമായതിന് ശേഷം മൂന്നാം ടി20യില്‍ തിരിച്ചെത്തിയ അര്‍ഷദീപ് 35 റണ്‍സ് വഴങ്ങി 3 വിക്കറ്റുകളുമായി തിളങ്ങിയിരുന്നു. 3 വിക്കറ്റുകളില്‍ രണ്ടെണ്ണം പവര്‍പ്ലേയിലും ഒരെണ്ണം ഡെത്ത് ഓവറിലുമാണ് താരം സ്വന്തമാക്കിയത്.