രഞ്ജി ട്രോഫി സെമി ഫൈനലില്‍ ഇടം പിടിച്ച് കേരളം. ജമ്മു കശ്മീരിനെതിരെ നടന്ന മത്സരത്തില്‍ സമനില നേടിയതോടെയാണ് കേരളം സെമി ഉറപ്പിച്ചത്. മത്സരത്തിന്റെ ആദ്യ ഇന്നിങ്ങ്‌സില്‍ നേടിയ ഒരു റണ്‍സിന്റെ ലീഡിന്റെ ബലത്തിലാണ് കേരളത്തിന്റെ സെമിഫൈനല്‍ പ്രവേശനം.
ഇന്ന് അഞ്ചാം ദിനം ജമ്മുകശ്മീര്‍ ഉയര്‍ത്തിയ 399 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന് കേരളം 295/6 എന്ന നിലയിലാണ് കളി അവസാനിപ്പിച്ചത്. ആദ്യ ഇന്നിങ്ങ്‌സില്‍ ഒരു റണ്‍സ് ലീഡുള്ളതിനാല്‍ തന്നെ സമനിലയായിരുന്നു കേരളത്തിന് സെമി യോഗ്യത ഉറപ്പാക്കാനായി വേണ്ടിയിരുന്നത്. അഞ്ചാം ദിനം രാവിലെ 2 വിക്കറ്റ് നഷ്ടത്തില്‍ ബാറ്റിംഗ് ആരംഭിച്ച കേരളത്തിനായി ക്ഷമയോടെയാണ് സച്ചിന്‍ ബേബിയും അക്ഷയ് ചന്ദ്രനും ബാറ്റ് വീശിയത്.
അവസാനം വരെ ക്രീസില്‍ തുടരുക എന്ന ലക്ഷ്യത്തില്‍ ബാറ്റ് വീശിയ കേരളതാരങ്ങളെല്ലാം മികച്ച പ്രകടനമാണ് നടത്തിയത്. അക്ഷയ് ചന്ദ്രന്‍ 183 പന്തില്‍ 48 റണ്‍സും സച്ചിന്‍ ബേബി 162 പന്തില്‍ 38 റണ്‍സും നേടി. എന്നാല്‍ ഇരുവരും പുറത്തായതിന് പിന്നാലെ 180-6 എന്ന നിലയിലേക്ക് കേരളം വീണു. തുടര്‍ന്ന് ഒത്തുച്ചേര്‍ന്ന സല്‍മാന്‍ നിസാര്‍- അസറുദ്ദീന്‍ കൂട്ടുക്കെട്ടാണ് കേരളത്തെ സമനിലയിലേക്ക് നയിച്ചത്. ആദ്യ ഇന്നിങ്ങ്‌സില്‍ അവസാന വിക്കറ്റില്‍ നേടിയ 82 റണ്‍സ് കൂട്ടുക്കെട്ടാണ് മത്സരത്തില്‍ നിര്‍ണായകമായത്. ആദ്യ ഇന്നിങ്ങ്‌സില്‍ സല്‍മാന്‍ 112 റന്‍സുമായി പുറത്താകാതെ നിന്നു. സ്‌കോര്‍: ജമ്മു കശ്മീര്‍: 280 & 399/9 കേരളം 281& 295/6