സയ്യ്ദ് മുഷ്താഖ് അലി ട്രോഫിയിലെ ആന്ദ്രാപ്രദേശിനെതിരായ നിര്‍ണായക മത്സരത്തില്‍ കേരളത്തെ ഒറ്റയ്ക്ക് തോളിലേറ്റി സഞ്ജു സാംസണ്‍. പരമ്പരയില്‍ അടുത്ത ഘട്ടത്തിലേക്ക് മുന്നേറാന്‍ ഇന്ന് നടക്കുന്ന മത്സരത്തില്‍ ആന്ധ്രക്കെതിരെ വിജയിക്കണമെന്നിരിക്കെ സഞ്ജു സാംസണ്‍ ഒഴികെയുള്ള എല്ലാ ബാറ്റര്‍മാരും ഘോഷയാത്ര പോലെയാണ് പവലിയനിലേക്ക് മടങ്ങിയത്. 20 ഓവറില്‍ 119 റണ്‍സ് കേരളം നേടിയപ്പോള്‍ അതില്‍ 73 റണ്‍സെടുത്തത് നായകന്‍ സഞ്ജുവായിരുന്നു.
മത്സരത്തിന്റെ പതിനേഴാം ഓവറില്‍ 79 റണ്‍സിന് 7 വിക്കറ്റ് എന്ന നിലയിലായിരുന്ന കേരളത്തെ അവസാന ഓവറുകളില്‍ സഞ്ജു സാംസണ്‍ നടത്തിയ കടന്നാക്രമണമാണ് 119 റണ്‍സിലെത്തിച്ചത്. തുടരെ വിക്കറ്റുകള്‍ വീണുകൊണ്ടിരുന്നപ്പോള്‍ തന്റെ വിക്കറ്റ് നഷ്ടപ്പെടുത്താതെ അവസാനം വരെ ക്രീസില്‍ തുടരാനാണ് സഞ്ജു തീരുമാനിച്ചത്. അവസാന 2 ഓവറുകളില്‍ മാത്രമാണ് ടി20 ശൈലിയില്‍ ബൗളര്‍മാരെ കടന്നാക്രമിക്കാന്‍ സഞ്ജു തയ്യാറായത്.
56 പന്തില്‍ 8 ബൗണ്ടറികളുടെയും 3 സിക്‌സുകളുടെയും ബലത്തില്‍ 73 റണ്‍സാണ് സഞ്ജു പുറത്താകാതെ നേടിയത്. 13 റണ്‍സെടുത്ത എം ഡി നിധീഷാണ് കേരളനിരയിലെ രണ്ടാമത്തെ ടോപ് സ്‌കോറര്‍. ആന്ധ്രയ്ക്കായി പെന്മെറ്റ്‌സ രാജു, സൗരഭ് കുമാര്‍ എന്നിവര്‍ 2 വിക്കറ്റ് വീതം വീഴ്ത്തി.