Sanju Samson: മാനസപുത്രന്‍മാര്‍ക്കു വേണ്ടി അവഗണിക്കപ്പെടുന്ന സഞ്ജു !
തന്റെ അവസാന ഏകദിനത്തില്‍ സെഞ്ചുറിയടിച്ചു എന്നൊരു തെറ്റ് മാത്രമേ സഞ്ജു ചെയ്തിട്ടുള്ളൂ !
Sanju Samson: അത്ഭുതങ്ങളൊന്നുമില്ല, സഞ്ജുവിനെ മാറ്റിനിര്‍ത്തുകയെന്ന പതിവ് ഇത്തവണയും ആവര്‍ത്തിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പരയ്ക്കുള്ള ഏകദിന ടീമില്‍ റിഷഭ് പന്തും ധ്രുവ് ജുറലും ഇടംപിടിച്ചപ്പോള്‍ സഞ്ജുവിനു കളി 'കണ്ടാല്‍' മതി.
തന്റെ അവസാന ഏകദിനത്തില്‍ സെഞ്ചുറിയടിച്ചു എന്നൊരു തെറ്റ് മാത്രമേ സഞ്ജു ചെയ്തിട്ടുള്ളൂ ! അതും ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ. കണക്കുകളില്‍ റിഷഭ് പന്തിനേക്കാള്‍ ഉയരത്തില്‍ നില്‍ക്കുന്ന സഞ്ജുവിനെ അവഗണിക്കാന്‍ കാരണങ്ങളൊന്നും ഇല്ലെങ്കിലും ബിസിസിഐ അത് വളരെ ആത്മവിശ്വാസത്തോടെ തുടരുന്നു.
ഇന്ത്യക്കായി 16 ഏകദിനങ്ങള്‍ സഞ്ജു കളിച്ചു. 14 ഇന്നിങ്‌സുകളില്‍ നിന്ന് 56.67 ശരാശരിയില്‍ 510 റണ്‍സ് അടിച്ചെടുത്തിട്ടുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അര്‍ധ സെഞ്ചുറിയും താരത്തിന്റെ പേരിലുണ്ട്. മറുവശത്ത് റിഷഭ് പന്ത് 31 ഏകദിനങ്ങളില്‍ നിന്ന് 33.5 ശരാശരിയില്‍ 871 റണ്‍സാണ് നേടിയിരിക്കുന്നത്. ശരാശരി നോക്കിയാല്‍ സഞ്ജുവിനേക്കാള്‍ ബഹുദൂരം പിന്നില്‍. 27 ഇന്നിങ്‌സുകളില്‍ ബാറ്റ് ചെയ്തിട്ടും പന്തിനു നേടാനായത് ഒരു സെഞ്ചുറിയും അഞ്ച് അര്‍ധ സെഞ്ചുറിയും മാത്രം. രണ്ടാം വിക്കറ്റ് കീപ്പറായി ടീമില്‍ ഇടംപിടിച്ച ധ്രുവ് ജുറലിനാണെങ്കില്‍ ഇത് ഏകദിന അരങ്ങേറ്റവും ! എല്ലാവര്‍ക്കും വേണ്ടി ബലിയാടാകാന്‍ സഞ്ജു സാംസണ്‍ !