ഇപ്പോളൊരു ചാമ്പ്യനായത് പോലെ തോന്നു, ചെന്നൈയുടെ മഞ്ഞ ജേഴ്സിയിൽ സഞ്ജു, ചേട്ടാ തകർക്കണമെന്ന് ചെന്നൈ ആരാധകർ
കടും നിറങ്ങളായ കറുപ്പ്, നീല, ബ്രൗണ്‍ നിറത്തിലുള്ള ജേഴ്‌സികളെല്ലാം അണിയാനായിട്ടുണ്ടെങ്കിലും മഞ്ഞ ജേഴ്‌സി ധരിക്കുന്നത് ഒരു പ്രത്യേക വികാരമാണെന്ന് സഞ്ജു പറയുന്നു.
രാജസ്ഥാന്‍ റോയല്‍സില്‍ നിന്നും ചെന്നൈ സൂപ്പര്‍ കിംഗ്‌സിലേക്ക് എത്തിയതിന് പിന്നാലെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ വിഖ്യാതമായ മഞ്ഞ ജേഴ്‌സിയില്‍ നില്‍ക്കുന്ന സഞ്ജു സാംസണിന്റെ പുതിയ വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട് ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. ഇന്നലെ സഞ്ജുവിനെ സ്വാഗതം ചെയ്തുള്ള വീഡിയോ പുറത്തുവിട്ടതിന്റെ ഓളം അടങ്ങുന്നതിന് മുന്‍പാണ് ചെന്നൈ പുതിയ വീഡിയോ പങ്കുവെച്ചത്.
കടും നിറങ്ങളായ കറുപ്പ്, നീല, ബ്രൗണ്‍ നിറത്തിലുള്ള ജേഴ്‌സികളെല്ലാം അണിയാനായിട്ടുണ്ടെങ്കിലും മഞ്ഞ ജേഴ്‌സി ധരിക്കുന്നത് ഒരു പ്രത്യേക വികാരമാണെന്ന് സഞ്ജു പറയുന്നു. സത്യസന്ധമായി പറഞ്ഞാല്‍ ചെന്നൈ ജേഴ്‌സി ധരിച്ചാല്‍ എങ്ങനെയുണ്ടാകുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടില്ല. ചെന്നൈ ജേഴ്‌സി ധരിച്ചതോടെ ശുഭചിന്തയാണ് മനസില്‍ തോന്നുന്നത്. ഒപ്പം ഒരു സന്തോഷവും വ്യത്യസ്തതയുമെല്ലാം അനുഭവപ്പെടുന്നു. ഈ ജേഴ്‌സി നല്‍കുന്നത് ഒരു പ്രത്യേക ഊര്‍ജമാണ്. ഇപ്പോഴൊരു ചാമ്പ്യനെ പോലെ തോന്നുന്നു. വൗ എന്ന് പറഞ്ഞാണ് വീഡിയോ അവസാനിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സഞ്ജുവിനെ വരവേറ്റുകൊണ്ട് പ്രത്യേക വീഡിയോ ചെന്നൈ തങ്ങളുടെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലിലൂടെ പങ്കുവെച്ചത്. സഞ്ജുവിന്റെ അടുത്ത സുഹൃത്തും സംവിധായകനും നടനുമായ ബേസില്‍ ജോസഫും വീഡിയോയിലുണ്ടായിരുന്നു. അപ്പോള്‍ ഇനി നമ്മുടെ പയ്യന്‍ യെല്ലോ, കൂടെ നമ്മളും എന്നുള്ള ഡയലോഗോടെയാണ് വീഡിയോ അവസാനിക്കുന്നത്. ഈ വീഡിയോയ്ക്ക് കീഴില്‍ സഞ്ജുവിനെ ചെന്നൈയിലേക്ക് സ്വാഗതം ചെയ്ത് നിരവധി ആരാധകരാണ് കമന്റ് ചെയ്തിരിക്കുന്നത്.