India Test Captain: ട്വിസ്റ്റ്..! നായകസ്ഥാനത്തേക്ക് രാഹുലിനെ പരിഗണിക്കുന്നു
രോഹിത് ശര്‍മയും വിരാട് കോലിയും ഒന്നിച്ച് പടിയിറങ്ങിയ സാഹചര്യത്തില്‍ രാഹുലിനെ ഹ്രസ്വകാലത്തേക്കെങ്കിലും നായകനാക്കാനാണ് ബിസിസിഐയുടെ ആലോചന
India Test Captain: ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയെ നയിക്കാന്‍ കെ.എല്‍.രാഹുല്‍ എത്തുമോ? ശുഭ്മാന്‍ ഗില്‍, റിഷഭ് പന്ത് എന്നിവര്‍ക്കു പുറമേ നായകസ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരില്‍ കെ.എല്‍.രാഹുലും. ഗില്ലിനാണ് കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നതെങ്കിലും സീനിയോറിറ്റിയും പരിചയസമ്പത്തും രാഹുലിനു ഗുണം ചെയ്‌തേക്കും.
രോഹിത് ശര്‍മയും വിരാട് കോലിയും ഒന്നിച്ച് പടിയിറങ്ങിയ സാഹചര്യത്തില്‍ രാഹുലിനെ ഹ്രസ്വകാലത്തേക്കെങ്കിലും നായകനാക്കാനാണ് ബിസിസിഐയുടെ ആലോചന. യശസ്വി ജയ്‌സ്വാളിനൊപ്പം കെ.എല്‍.രാഹുല്‍ ഓപ്പണറായി ഇറങ്ങി ശുഭ്മാന്‍ ഗില്‍ മൂന്നാം നമ്പറില്‍ ബാറ്റ് ചെയ്യുന്ന ക്രമം ഇന്ത്യ പരീക്ഷിക്കാനാണ് സാധ്യത.
നിലവില്‍ രാഹുലിനു 33 വയസ്സാണ് പ്രായം. രണ്ടോ മൂന്നോ വര്‍ഷം കൂടിയേ ടെസ്റ്റ് ക്രിക്കറ്റില്‍ ഉണ്ടാകൂ. ഈ കാലയളവിലേക്ക് മാത്രമായി രാഹുലിനു ക്യാപ്റ്റന്‍സി നല്‍കുന്നതാണ് ബിസിസിഐ പരിഗണിക്കുന്നത്. വിദേശത്തും മികച്ച രീതിയില്‍ കളിക്കാനുള്ള കഴിവ് രാഹുലിനെ നായകസ്ഥാനത്തേക്ക് പരിഗണിക്കാനുള്ള സുപ്രധാന മാനദണ്ഡമായി.
അതേസമയം കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന ശുഭ്മാന്‍ ഗില്ലിനു തിരിച്ചടിയാകുക ഏഷ്യക്ക് പുറത്തുള്ള മോശം പ്രകടനമാണ്. ടെസ്റ്റില്‍ 32 മത്സരങ്ങളിലെ 59 ഇന്നിങ്‌സുകളില്‍ നിന്നായി 35.05 ശരാശരിയില്‍ 1893 റണ്‍സാണ് ഗില്ലിന്റെ നേട്ടം. ഏഷ്യയ്ക്കു പുറത്ത് ഗില്ലിന്റെ ടെസ്റ്റ് ശരാശരി 29ല്‍ താഴെയാണ്. ഏഷ്യക്കു പുറത്ത് ഒരു സെഞ്ചുറി നേടാന്‍ ഗില്ലിനു ഇതുവരെ സാധിച്ചിട്ടില്ല. ക്യാപ്റ്റനായാല്‍ ബാറ്റിങ്ങില്‍ കൂടുതല്‍ മോശമാകുമോ എന്ന ആശങ്കയാണ് ബിസിസിഐയ്ക്കുള്ളത്.