ഇങ്ങനെയൊരു സെല്‍ഫിഷ് പ്ലെയര്‍ വേറെ ഉണ്ടാകില്ല, ഇവന്‍ ക്യാപ്റ്റനാണെങ്കില്‍ ലഖ്‌നൗ രക്ഷപ്പെടാനും സാധ്യതയില്ല; രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം
നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്
കെ.എല്‍.രാഹുലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍. രാജസ്ഥാന്‍ റോയല്‍സിനെതിരായ മത്സരത്തിലെ മെല്ലപ്പോക്ക് ഇന്നിങ്‌സിന്റെ പേരിലാണ് ലഖ്‌നൗ നായകനെതിരെ ആരാധകര്‍ രംഗത്തെത്തിയിരിക്കുന്നത്. 32 പന്തുകളില്‍ നിന്നാണ് രാഹുല്‍ 39 റണ്‍സ് നേടിയത്. പവര്‍പ്ലേയില്‍ വളരെ സാവധാനമാണ് രാഹുല്‍ റണ്‍സ് കണ്ടെത്തിയത്.
നാല് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു രാഹുലിന്റെ ഇന്നിങ്‌സ്. ട്രെന്റ് ബോള്‍ട്ട് എറിഞ്ഞ ആദ്യ ഓവര്‍ തന്നെ രാഹുല്‍ മെയ്ഡന്‍ ആക്കി. ട്വന്റി 20 യില്‍ ഓരോവറില്‍ ഒരു റണ്‍സ് പോലും കണ്ടെത്താന്‍ കഴിയാത്തത് എന്ത് മോശം അവസ്ഥയാണെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. സ്വന്തം സ്‌കോര്‍ മാത്രം നോക്കി കളിക്കുന്ന ആളാണ് രാഹുല്‍. ടീം ജയിക്കണമെന്നോ ടീം സ്‌കോര്‍ ഉയരണമെന്നോ രാഹുല്‍ ആഗ്രഹിക്കുന്നില്ല. അങ്ങനെ ആഗ്രഹമുണ്ടെങ്കില്‍ കുറച്ച്കൂടി അഗ്രസീവ് ആയി ബാറ്റ് ചെയ്യുമായിരുന്നു എന്നാണ് ആരാധകരുടെ കമന്റ്.
രാഹുല്‍ ക്യാപ്റ്റനും ഓപ്പണറുമായി തുടരുന്നിടത്തോളം ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ഐപിഎല്ലില്‍ രക്ഷപ്പെടാന്‍ സാധ്യതയില്ലെന്നും ഒരു വിഭാഗം ആരാധകര്‍ കമന്റ് ചെയ്യുന്നു. പവര്‍പ്ലേയില്‍ പോലും റണ്‍സ് കണ്ടെത്താന്‍ രാഹുലിന് കഴിവില്ല. രാഹുലിന്റെ മെല്ലപ്പോക്ക് അപ്പുറത്ത് കളിക്കുന്ന ബാറ്ററെ കൂടി സമ്മര്‍ദ്ദത്തിലാക്കുന്നതാണെന്നും ആരാധകര്‍ പറയുന്നു.