Virat Kohli: 'ഇംഗ്ലണ്ട് പര്യടനത്തിനായി കോലി ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു, വിരമിക്കാന്‍ ആലോചിച്ചിട്ടില്ല'; ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍
കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹിക്കു വേണ്ടി കോലി രഞ്ജി ട്രോഫി കളിച്ചിരുന്നു
Virat Kohli: വിരാട് കോലിയുടെ ടെസ്റ്റ് വിരമിക്കലില്‍ ഞെട്ടി താരത്തിന്റെ മുന്‍ പരിശീലകന്‍ ശരണ്‍ദീപ് സിങ്. ഇംഗ്ലണ്ടില്‍ കളിക്കാന്‍ കോലി ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നെന്നും വിരമിക്കുന്നതിനെ കുറിച്ച് ആലോചിച്ചിട്ടില്ലെന്നും ഡല്‍ഹി ആഭ്യന്തര പരിശീലകന്‍ കൂടിയായ ശരണ്‍ദീപ് പറഞ്ഞു.
കഴിഞ്ഞ ജനുവരിയില്‍ ഡല്‍ഹിക്കു വേണ്ടി കോലി രഞ്ജി ട്രോഫി കളിച്ചിരുന്നു. ആ സമയത്ത് 'ഇന്ത്യ എ' ടീമിനു വേണ്ടി കളിക്കണമെന്നും ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു ഒരുക്കങ്ങള്‍ നടത്തണമെന്നും കോലി തന്നോടു പറഞ്ഞതായി ശരണ്‍ദീപ് വെളിപ്പെടുത്തി. എല്ലാവരും വലിയ ഞെട്ടലിലാണ്. വിരമിക്കാന്‍ പെട്ടന്ന് തീരുമാനിച്ചത് എന്തുകൊണ്ടാണെന്ന് അദ്ദേഹത്തിനു മാത്രമേ അറിയൂവെന്നും ശരണ്‍ദീപ് പറഞ്ഞു.
' കോലി വിരമിക്കാന്‍ പോകുന്നതിന്റെ ഒരു സൂചനകളും നല്‍കിയിരുന്നില്ല. ആരും അങ്ങനെ പറയുന്നതായും ഞാന്‍ കേട്ടിട്ടില്ല. ഐപിഎല്ലില്‍ അദ്ദേഹം ബാറ്റ് ചെയ്യുന്നത് നോക്കൂ, ഇപ്പോഴും മികച്ച ഫോമിലാണ്. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കു മുന്‍പ് കൗണ്ടി ക്രിക്കറ്റില്‍ കളിച്ചുകൂടെ എന്ന് ഞാന്‍ ചോദിച്ചിരുന്നു. ഇന്ത്യ എ ടീമിനു വേണ്ടി കളിക്കാനാണ് നോക്കുന്നതും അങ്ങനെ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കായി ഒരുങ്ങാമെന്നും കോലി എനിക്ക് മറുപടി നല്‍കിയതാണ്. എല്ലാ കാര്യങ്ങളും അദ്ദേഹം കൃത്യമായി പ്ലാന്‍ ചെയ്തിരുന്നു. പക്ഷേ പെട്ടന്ന് റെഡ് ബോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ തീരുമാനിച്ചത് ഞെട്ടിച്ചു കളഞ്ഞു. കായികക്ഷമതയിലോ ഫോമിലോ അദ്ദേഹത്തിനു ഒരു കോട്ടവും ഇപ്പോള്‍ ഇല്ല. ഇംഗ്ലണ്ടില്‍ പോയി മൂന്നോ നാലോ സെഞ്ചുറി അടിക്കണമെന്നാണ് രഞ്ജി ട്രോഫി വേളയില്‍ കോലി എന്നോടു പറഞ്ഞത്,' സരണ്‍ദീപ് സിങ് വെളിപ്പെടുത്തി.
മാനേജ്‌മെന്റിന്റെ ഭാഗത്തുനിന്നുള്ള സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് കോലി വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ആരോപണങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ശരണ്‍ദീപിന്റെ വെളിപ്പെടുത്തല്‍. രോഹിത് ശര്‍മ കൂടി വിരമിക്കല്‍ പ്രഖ്യാപിച്ചതോടെ ഗത്യന്തരമില്ലാതെ കോലിയും റെഡ് ബോള്‍ ക്രിക്കറ്റ് അവസാനിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നെന്ന് വാര്‍ത്തകളുണ്ട്.