മിതാലിയുടെ കത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ കത്തിപ്പടരുന്നു; ‘ചോര്‍ത്തല്‍ വീരനെ’ പിടികൂടാന്‍ ബിസിസിഐ രംഗത്ത്
മിതാലിയുടെ കത്ത് ഇന്ത്യന്‍ ക്രിക്കറ്റില്‍ കത്തിപ്പടരുന്നു; ‘ചോര്‍ത്തല്‍ വീരനെ’ പിടികൂടാന്‍ ബിസിസിഐ രംഗത്ത്
ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിലെ പൊട്ടിത്തെറിയില്‍ പരിക്കേറ്റ് ബിസിസിഐ അംഗങ്ങളും. ടീമിലെ മുതിര്‍ന്ന താരമായ മിതാലി രാജ് അയച്ച കത്ത് ചോര്‍ന്ന സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് ബിസിസിഐ ആക്ടിംഗ് സെക്രട്ടറി അമിതാഭ് ചൗധരി രംഗത്തുവന്നു.
സംഭവത്തില്‍ ബിസിസിഐ സിഇഒ രോഹുല്‍ ജോഹ്രിയോടും ക്രിക്കറ്റ് ഓപ്പറേഷന്‍സ് ജനറല്‍ മാനേജര്‍ സാബ കരിമിനോടും വിശദീകരണം നല്‍കാനാണ് ചൗധരി ആവശ്യപ്പെട്ടിരിക്കുന്നത്. മിതാലി ബിസിസിഐക്ക് അയച്ച കത്ത് ചോരുകയും ടീമിലെ വിവാദം ഇന്ത്യന്‍ ക്രിക്കറ്റിന് നാണക്കേടായ സാഹചര്യവും കണക്കിലെടുത്താണ് ചൗധരിയുടെ ഇടപെടല്‍.
പരിശീലകന്‍ രമേശ് പവാറിനും കമ്മിറ്റി ഓഫ് അഡ്മിനിസ്‌ട്രേറ്റേഴ്‌സ് അംഗം ഡയാന എദുല്‍ജിക്കുമെതിരെയുള്ളതായിരുന്നു മിതാലിയുടെ കത്ത്. ഫോമിലായിരുന്നിട്ടും ട്വന്റി-20 വനിതാ ലോകകപ്പ് സെമിയില്‍ കളിപ്പിച്ചില്ല, രമേഷ് പവാര്‍ അവഗണിക്കുകയും അപമാനിക്കുകയും ചെയ്‌തു എന്നും കത്തില്‍ പറഞ്ഞിരുന്നു.
തനിക്കെതിരെ നടന്ന ഗൂഢാലോചന നടന്നുവെന്ന് വ്യക്തമാക്കുന്ന മിതാലിയുടെ കത്തില്‍ രമേഷ് പവാര്‍ പലതവണ തന്നെ തകര്‍ക്കാന്‍ ശ്രമിച്ചതായും മിതാലി പറയുന്നുണ്ട്. കത്ത് പുറത്തായതോടെ വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് ലഭിച്ച സാഹര്യത്തിലാണ് ചൗധരി ഇടപെടല്‍ നടത്തിയിരിക്കുന്നത്.