Mohammed Siraj: ടീമിനായി എല്ലാം നല്‍കുന്ന താരം, ഓരോ ടീമും ആഗ്രഹിക്കുന്ന കളിക്കാരന്‍, സിറാജിന്റെ പോരാട്ടവീര്യത്തെ പുകഴ്ത്തി ജോ റൂട്ട്
ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പുകഴ്ത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്.
ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടക്കുന്ന ഓവല്‍ ടെസ്റ്റിന്റെ നാലാം ദിനം അവസാനിച്ചതിന് ശേഷം മത്സരത്തില്‍ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജിന്റെ പ്രകടനത്തെ പുകഴ്ത്തി ഇംഗ്ലണ്ട് താരം ജോ റൂട്ട്. സിറാജ് ഏത് ടീമും ആഗ്രഹിക്കുന്ന താരമാണെന്നും ഇന്ത്യയ്ക്ക് വേണ്ടി മൈതാനത്ത് തന്റെ 100 ശതമാനവും നല്‍കുന്ന താരമാണ് സിറാജെന്നും റൂട്ട് പറഞ്ഞു. മത്സരശേഷം നടന്ന വാര്‍ത്താസമ്മേളനത്തിലാണ് റൂട്ട് ഇക്കാര്യം പറഞ്ഞത്.
സിറാജിന്റെ നീണ്ട ബൗളിംഗ് സ്‌പെല്ലുകളും കീഴടങ്ങാന്‍ തയ്യാറാകാത്ത മനോവീര്യവും ഓവലിലെ പ്രകടനത്തില്‍ ഇന്ത്യയ്ക്ക് നിര്‍ണായകമായിരുന്നു. അഞ്ച് ടെസ്റ്റുകളടങ്ങിയ പരമ്പരയില്‍ പല ബൗളര്‍മാരും തളര്‍ന്നപ്പോഴും അഞ്ച് മത്സരങ്ങളിലും സിറാജ് ഇന്ത്യന്‍ പേസ് ആക്രമണത്തിന്റെ പ്രധാനിയായിരുന്നു. തുടര്‍ച്ചയായി നാല് മത്സരങ്ങള്‍ കളിച്ചിട്ടും ഓവലിലെ അഞ്ചാം ടെസ്റ്റിലും സിറാജ് നീണ്ട സ്‌പെല്ലുകള്‍ എറിയുകയും നിര്‍ണായക വിക്കറ്റുകളും വീഴ്ത്തിയിരുന്നു. ഇതോടെയാണ് സിറാജിന്റെ പോരാട്ടവീര്യത്തെ പുകഴ്ത്തി റൂട്ട് രംഗത്ത് വന്നത്.