India vs Australia: ടി20 പരമ്പരയിൽ മുന്നിലെത്താൻ ഇന്ത്യ, സഞ്ജു ഇന്നും പുറത്ത് തന്നെ
ഇന്ന് ഉച്ചയ്ക്ക് 1:45ന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സ്റ്റാറിലും തത്സമയം കാണാനാകും.
ഇന്ത്യ- ഓസ്‌ട്രേലിയ ടി20 പരമ്പരയിലെ നാലാം മത്സരം ഇന്ന് ഗോള്‍ഡ് കോസ്റ്റില്‍ നടക്കും. ആദ്യ മത്സരം മഴ മൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയും മൂന്നാം മത്സരത്തില്‍ ഇന്ത്യയും വിജയിച്ച് പരമ്പര ഒപ്പത്തിനൊപ്പമെത്തിയിരുന്നു. ഇന്ന് ഉച്ചയ്ക്ക് 1:45ന് നടക്കുന്ന മത്സരം സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ സ്റ്റാറിലും തത്സമയം കാണാനാകും.
ഇന്നത്തെ മത്സരം വിജയിച്ച് പരമ്പരയില്‍ മുന്നിലെത്താനാകും ഇന്ത്യന്‍ ശ്രമം. സഞ്ജു സാംസണിന് പകരം ജിതേഷ് ശര്‍മയാകും ഈ മത്സരത്തിലും കളിക്കുക. അതേസമയം ഓപ്പണിങ്ങില്‍ സഞ്ജുവിന് പകരമെത്തിയിട്ടും തിളങ്ങാനാവാത്ത വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന് ഇന്നത്തെ മത്സരം നിര്‍ണായകമാകും. ഓപ്പണിങ്ങില്‍ കഴിഞ്ഞ 3 മത്സരങ്ങളില്‍ നിന്ന് 57 റണ്‍സ് മാത്രമാണ് ഗില്‍ നേടിയത്. അഭിഷേക് ശര്‍മ നല്‍കുന്ന തുടക്കങ്ങളാണ് പല മത്സരങ്ങളില്‍ നിന്നും ഇന്ത്യയെ രക്ഷിക്കുന്നത്. കഴിഞ്ഞ മത്സരത്തിലെ അതേ ഇലവനെ തന്നെയാകും ഇന്ത്യ നാലാം മത്സരത്തിലും കളിപ്പിക്കുക.
അതേസമയം ട്രാവിസ് ഹെഡിനും ഷോണ്‍ ആബട്ടിനും ആഷസ് മുന്‍നിര്‍ത്തി വിശ്രമം അനുവദിച്ചതോടെ മാറ്റങ്ങളോടെയാകും ഓസീസ് ഇറങ്ങുക. ഹെഡിന് പകരം മാറ്റ് ഷോര്‍ട്ട് ഓപ്പണിങ്ങിലെത്തും. മധ്യനിരയില്‍ ഗ്ലെന്‍ മാക്‌സ്വെല്ലും മടങ്ങിയെത്തിയേക്കും.