India vs Australia, 4th T20I: ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ട്വന്റി 20 നാളെ; സഞ്ജു കളിക്കില്ല
മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുക. മൂന്നാം ട്വന്റി 20 യിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്തും
Sanju Samson: ഇന്ത്യ-ഓസ്‌ട്രേലിയ ട്വന്റി 20 പരമ്പരയിലെ നാലാം മത്സരം നാളെ (നവംബര്‍ ആറ്, വ്യാഴം). കരാര ഓവലിലെ ക്യൂന്‍സ് ലാന്‍ഡ് സ്‌റ്റേഡിയമാണ് മത്സരത്തിനു വേദിയാകുക. ഇന്ത്യന്‍ സമയം ഉച്ചയ്ക്കു 1.45 നു മത്സരം ആരംഭിക്കും. 1.15 നു ടോസ്. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ജിയോ ഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാം.
മലയാളി താരം സഞ്ജു സാംസണ്‍ ഇല്ലാതെയായിരിക്കും ഇന്ത്യ ഇറങ്ങുക. മൂന്നാം ട്വന്റി 20 യിലെ പ്ലേയിങ് ഇലവനെ നിലനിര്‍ത്തും. ജിതേഷ് ശര്‍മ വിക്കറ്റ് കീപ്പറായി തുടരും. മൂന്നാം ടി20 യില്‍ ഏഴാമനായി ക്രീസിലെത്തിയ ജിതേഷ് 13 പന്തില്‍ പുറത്താകാതെ 22 റണ്‍സ് നേടി ടീമിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചിരുന്നു. സഞ്ജു മധ്യനിരയില്‍ ഇറങ്ങിയാല്‍ പ്ലേയിങ് ഇലവന്‍ സന്തുലിതമാകില്ലെന്നാണ് പരിശീലകന്‍ ഗൗതം ഗംഭീറിന്റെ വിലയിരുത്തല്‍.
അഞ്ച് മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-1 എന്ന നിലയിലാണ്. ഒന്നാം ട്വന്റി 20 മഴമൂലം ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയ്ക്കായിരുന്നു ജയം. മൂന്നാം ടി 20 ഇന്ത്യ ജയിച്ചു.