Oval Test: വേണമെങ്കില്‍ സ്പിന്‍ എറിയാമെന്ന് അംപയര്‍മാര്‍; കളി നിര്‍ത്തിയേക്കെന്ന് ഇംഗ്ലണ്ട് നായകന്‍ (വീഡിയോ)
വെളിച്ചക്കുറവിനെ തുടര്‍ന്ന് സ്പിന്നര്‍മാര്‍ക്ക് മാത്രം ഏതാനും ഓവറുകള്‍ എറിയാമെന്ന സാധ്യത അംപയര്‍ കുമാര്‍ ധര്‍മസേന മുന്നോട്ടുവെച്ചപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ അതിനു തയ്യാറായില്ല
Oval Test: ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനം നാടകീയ രംഗങ്ങള്‍. രണ്ടാം ദിനമായ വെള്ളിയാഴ്ച കളി അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടക്കുന്നതിനിടെ ഇംഗ്ലണ്ട് നായകന്‍ ഒലി പോപ്പ് അംപയറുടെ തീരുമാനത്തെ നിഷേധിച്ചതാണ് ക്രിക്കറ്റ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായിരിക്കുന്നത്.
വെളിച്ചക്കുറവിനെ തുടര്‍ന്ന് സ്പിന്നര്‍മാര്‍ക്ക് മാത്രം ഏതാനും ഓവറുകള്‍ എറിയാമെന്ന സാധ്യത അംപയര്‍ കുമാര്‍ ധര്‍മസേന മുന്നോട്ടുവെച്ചപ്പോള്‍ ഇംഗ്ലണ്ട് നായകന്‍ അതിനു തയ്യാറായില്ല.
വെളിച്ചക്കുറവ് ഉണ്ടാകുന്ന സാഹചര്യത്തില്‍ പേസര്‍മാരെ ഒഴിവാക്കി സ്പിന്നര്‍മാര്‍ക്കു മാത്രം ബൗള്‍ ചെയ്യാനുള്ള അവസരം നല്‍കുന്നുണ്ട്. ഇതേ കുറിച്ച് ബൗളിങ് ടീം നായകനോടു അംപയര്‍ക്കു അഭിപ്രായം ചോദിക്കാം. ബൗളിങ് ടീം നായകന്‍ സ്പിന്നറെ വെച്ച് ബൗളിങ് തുടരാന്‍ സന്നദ്ധത അറിയിച്ചാല്‍ മത്സരം കുറച്ചുനേരത്തേക്ക് കൂടി നടക്കും. എന്നാല്‍ ഓവല്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ അംപയര്‍ ഇങ്ങനെയൊരു അഭിപ്രായം മുന്നോട്ടുവെച്ചപ്പോള്‍ 'സാധ്യമല്ല' എന്നാണ് ഇംഗ്ലണ്ട് നായകന്‍ മറുപടി നല്‍കിയത്.
സ്പിന്നര്‍മാരെ വെച്ചുകൊണ്ട് ബൗളിങ് തുടരാന്‍ ഇംഗ്ലണ്ട് നായകന്‍ തയ്യാറാകാതെ വന്നതോടെ രണ്ടാം ദിനം അവസാനിപ്പിക്കാന്‍ അംപയര്‍മാര്‍ തീരുമാനിച്ചു. തങ്ങള്‍ക്കു സ്പിന്നര്‍മാര്‍ ഇല്ലെന്നും പേസ് ബൗളര്‍മാരെ കൊണ്ട് എറിയിപ്പിക്കുക മാത്രമേ സാധ്യമാകൂവെന്നും ഒലി പോപ്പ് അംപയറോടു ചിരിച്ചുകൊണ്ട് പറയുന്നുണ്ട്.