ഏഷ്യാകപ്പില്‍ ഇന്ത്യയോടേറ്റ പരാജയത്തിന് പിന്നാലെ ഇന്ത്യന്‍ താരങ്ങള്‍ ഹസ്തദാനം ചെയ്യാതെ മടങ്ങിയതില്‍ പ്രതിഷേധിച്ച് മത്സരശേഷമുള്ള വാര്‍ത്താസമ്മേളനം ബഹിഷ്‌കരിച്ച് പാക് നായകന്‍ സല്‍മാന്‍ ആഗ. മത്സരത്തില്‍ ടോസിന്റെ സമയത്തും ഇന്ത്യന്‍ നായകന്‍ സൂര്യകുമാര്‍ യാദവും ഇന്ത്യന്‍ ടീമിലെ മറ്റ് താരങ്ങളും പാകിസ്ഥാന്‍ താരങ്ങള്‍ക്ക് ഹസ്തദാനം ചെയ്യാന്‍ തയ്യാറായില്ല. മത്സരം പൂര്‍ത്തിയാക്കിയശേഷം സൂര്യകുമാര്‍ യാദവും ശിവം ദുബെയും ഡ്രസിങ് റൂമിലേക്ക് നടന്നപ്പോള്‍ ഇന്ത്യന്‍ താരങ്ങള്‍ ഡഗൗട്ടില്‍ നിന്നും വന്ന് ഹസ്തദാനം ചെയ്യുമെന്നാണ് പാക് താരങ്ങള്‍ പ്രതീക്ഷിച്ചത്. ഇന്ത്യന്‍ താരങ്ങളെ കാത്ത് അല്പനേരം ഗ്രൗണ്ടില്‍ നിന്ന ശേഷമാണ് ഇവര്‍ മടങ്ങിയത്.
പാക് താരങ്ങള്‍ ഇന്ത്യന്‍ ഡ്രസിങ് റൂമിലേക്ക് നോക്കിയെങ്കിലും അവിടെ തുറന്നുവെച്ചിരുന്ന ജനല്‍ അടയ്ക്കുന്ന കാഴ്ചയാണ് കണ്ടത്. ഇതോടെയാണ് പാക് താരങ്ങള്‍ ഗ്രൗണ്ട് വിട്ടത്. ഇന്ത്യയുടെ സമീപനത്തില്‍ പ്രതിഷേധിച്ച് മത്സരദാനചടങ്ങില്‍ പാക് ടീമിലെ ആരും പങ്കെടുത്തില്ല. സല്‍മാന്‍ അലി ആഗ എന്തുകൊണ്ടാണ്‍ സമ്മാനദാന ചടങ്ങില്‍ പങ്കെടുക്കാതിരുന്നത് എന്ന ചോദ്യത്തിന് അതൊരു സ്വാഭാവിക പ്രതികരണമാകാം എന്നാണ് പാക് കോച്ച് മൈക് ഹെസന്‍ പ്രതികരിച്ചത്. ഇന്ത്യന്‍ താരങ്ങളുടെ പ്രതികരണം പാക് താരങ്ങളെ നിരാശരാക്കിയെന്നും മൈക് ഹെസന്‍ പറഞ്ഞു.