പാകിസ്ഥാൻ താരത്തിനെതിരെ ബലാത്സംഗ പരാതി, ക്രിക്കറ്റ് മത്സരത്തിനിടെ അറസ്റ്റ് ചെയ്ത് യുകെ പോലീസ്!
മത്സരത്തിനിടെയായിരുന്നു അറസ്റ്റെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ബലാത്സംഗ ആരോപണത്തെ തുടര്‍ന്ന് പാകിസ്ഥാന്‍ ദേശീയ ക്രിക്കറ്റ് താരമായ ഹൈദര്‍ അലി യുകെയില്‍ അറസ്റ്റിലായി. പാകിസ്ഥാന്‍ എ ടീമംഗമാണ് ഹൈദര്‍ അലി. പാകിസ്ഥാന്‍ എ ടീമിന്റെ പര്യടനത്തിനായി യുകെയില്‍ എത്തിയപ്പോഴായിരുന്നു സംഭവം. പെണ്‍കുട്ടി നല്‍കിയ പരാതിയില്‍ അറസ്റ്റ് ചെയ്തതിന് ശേഷം ഇയാളെ ജാമ്യത്തില്‍ വിട്ടയച്ചു.ഹൈദര്‍ അലിയെ അന്വേഷണവിധേയമായി പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് സസ്‌പെന്‍ഡ് ചെയ്തു.
ഓഗസ്റ്റ് 3ന് യുകെയിലെ ബെക്കന്‍ഹാം ഗ്രൗണ്ടില്‍ വെച്ച് എംസിഎസ്എസി ടീമിനെതിരെ കളിക്കവെയാണ് മാഞ്ചസ്റ്റര്‍ പോലീസ് ഹൈദര്‍ അലിയെ അറസ്റ്റ് ചെയ്തത്. മത്സരത്തിനിടെയായിരുന്നു അറസ്റ്റെന്ന് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് ഹൈദറിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുത്ത ശേഷമാണ് ജാമ്യത്തില്‍ വിട്ടയച്ചത്. കേസിലെ അന്വേഷണം പൂര്‍ത്തിയാകുന്നത് വരെ ഹൈദറിനെ സസ്‌പെന്‍ഡ് ചെയ്തതായാണ് പാക് ക്രിക്കറ്റ് ബോര്‍ഡ് വ്യക്തമാക്കിയത്. യുകെയില്‍ സ്വന്തം നിലയില്‍ അന്വേഷണം നടത്തുമെന്നും പിസിബി വ്യക്തമാക്കി.
ജൂലൈ 17 മുതല്‍ ഓഗസ്റ്റ് 6 വരെയായിരുന്നു പാക് എ ടീമിന്റെ ഇംഗ്ലണ്ട് പര്യടനം. പാകിസ്ഥാനായി കളിച്ച ക്യാപ്റ്റന്‍ സൗദ് ഷക്കീലും ഹൈദര്‍ അലിയും ഒഴികെയുള്ള കളിക്കാരെല്ലാം ബുധനാഴ്ച യുകെയില്‍ നിന്നും മടങ്ങിയിരുന്നു. 24കാരനായ ഹൈദര്‍ അലി പാകിസ്ഥാനായി 2 ഏകദിനങ്ങളും 35 ടി20 മത്സരങ്ങളിലും കളിച്ചിട്ടുണ്ട്.