Pat Cummins: ആഷസ് മൂന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയ നയിക്കാന്‍ പാറ്റ് കമ്മിന്‍സ്, ഹെയ്‌സല്‍വുഡ് പുറത്ത്
അഡ്‌ലെയ്ഡില്‍ കളിക്കാന്‍ കമ്മിന്‍സ് സജ്ജമാണ്. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്തു
Pat Cummins: ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് തിരിച്ചെത്തുന്നു. അഡ്‌ലെയ്ഡില്‍ നടക്കാനിരിക്കുന്ന ആഷസ് മൂന്നാം ടെസ്റ്റ് മുതല്‍ പാറ്റ് കമ്മിന്‍സ് ഓസീസിനെ നയിക്കും. പരുക്കിനെ തുടര്‍ന്ന് ആഷസ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ കമ്മിന്‍സിനു നഷ്ടമായിരുന്നു.
അഡ്‌ലെയ്ഡില്‍ കളിക്കാന്‍ കമ്മിന്‍സ് സജ്ജമാണ്. പൂര്‍ണ ഫിറ്റ്‌നെസ് വീണ്ടെടുത്തു. മൂന്നാം ടെസ്റ്റില്‍ കമ്മിന്‍സ് നയിക്കുമെന്നും ഓസീസ് ടീം മാനേജ്‌മെന്റ് വ്യക്തമാക്കി. കമ്മിന്‍സിന്റെ അഭാവത്തില്‍ സ്റ്റീവ് സ്മിത്ത് ആണ് ആഷസിലെ ആദ്യ രണ്ട് ടെസ്റ്റുകളില്‍ ഓസ്‌ട്രേലിയയെ നയിച്ചത്.
അതേസമയം പേസര്‍ ജോഷ് ഹെയ്‌സല്‍വുഡ് ആഷസില്‍ നിന്ന് പുറത്ത്. മൂന്നാം ടെസ്റ്റില്‍ ഹെയ്‌സല്‍വുഡ് കളിച്ചേക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ പരുക്കിന്റെ പിടിയില്‍ തുടരുന്നതിനാല്‍ ഹെയ്‌സല്‍വുഡിനു ആഷസിലെ ഒരു ടെസ്റ്റിലും കളിക്കാന്‍ കഴിയില്ല. ഓപ്പണര്‍ ഉസ്മാന്‍ ഖവാജയും അഡ്‌ലെയ്ഡ് ടെസ്റ്റില്‍ ടീമില്‍ തിരിച്ചെത്തും.