വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍ ടീമില്‍ കാര്യമായ അഴിച്ചുപണികളുണ്ടാവില്ലെന്ന് പാകിസ്ഥാന്‍ ടി20 നായകനായ സല്‍മാന്‍ അലി ആഘ. അടുത്തിടെ നടന്ന ഏഷ്യാകപ്പ് ടൂര്‍ണമെന്റില്‍ ഇന്ത്യക്കെതിരെ കളിച്ച 3 മത്സരങ്ങളിലും പാകിസ്ഥാന്‍ ടീം പരാജയപ്പെട്ടിരുന്നു. ഇതിനെ തുടര്‍ന്ന് ബാബര്‍ അസം, നസീം ഷാ തുടങ്ങിയ താരങ്ങളെ പാകിസ്ഥാന്‍ തിരികെ വിളിച്ചിരുന്നു.
ബാബര്‍ അസം, നസീം ഷാ മുതലായ താരങ്ങള്‍ തിരിച്ചെത്തിയ ശേഷം ഹോം സീരീസില്‍ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്താനും ശ്രീലങ്ക, സിംബാബ്വെ എന്നിവര്‍ ഭാഗമായ ത്രിരാഷ്ട്ര പരമ്പര വിജയിക്കാനും പാകിസ്ഥാന് സാധിച്ചിരുന്നു.ഈ സാഹചര്യത്തില്‍ ലോകകപ്പിന് മുന്നോടിയായി പാക് ടീമില്‍ കാര്യമായ അഴിച്ചുപണിയുണ്ടാകില്ലെന്നാണ് ഒരു പോഡ്കാസ്റ്റില്‍ സംസാരിക്കവെ പാകിസ്ഥാന്‍ നായകന്‍ വ്യക്തമാക്കിയത്.
നിലവിലുള്ള കോമ്പിനേഷന്‍ തന്നെ ലോകകപ്പിലും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. കഴിഞ്ഞ കുറച്ച് മാസങ്ങളിലായി താരങ്ങള്‍ക്കെല്ലാം കൃത്യമായ റോള്‍ നല്‍കിയിട്ടുണ്ട്. അതേ സ്ഥിതിയില്‍ ടീം മുന്നോട്ട് പോകും. സല്‍മാന്‍ അലി ആഘ പറഞ്ഞു. ഇന്ത്യയിലും ശ്രീലങ്കയിലുമായി ഫെബ്രുവരി 7 മുതല്‍ മാര്‍ച്ച് 8 വരെയാണ് ലോകകപ്പ് മത്സരങ്ങള്‍ നടക്കുക. ലോകകപ്പിന് മുന്നോടിയായി 6 ടി20 മത്സരങ്ങളാണ് പാക് ടീമിന് മുന്നിലുള്ളത്.