ചാമ്പ്യന്‍സ് ട്രോഫിയില്‍ ഓസ്‌ട്രേലിയ- ഇംഗ്ലണ്ട് മത്സരത്തിന് മുന്നോടിയായി ദേശീയഗാനം പ്ലേ ചെയ്യുന്ന സമയത്ത് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിയത് വിവാദമായിരുന്നു. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ ശനിയാഴ്ചയാണ് സംഭവമുണ്ടായത്. ഇതിന്റെ വീഡിയോ പ്രചരിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ പിസിബിയെ പരിഹസിച്ചുകൊണ്ട് ട്രോളുകള്‍ മുഴങ്ങിയിരുന്നു. ഇംഗ്ലണ്ടിന്റെ ദേശീയഗാനം കഴിഞ്ഞ് ഓസ്‌ട്രേലിയയുടെ ദേശീയഗാനത്തിനായി കാത്തിരിക്കവെയാണ് ഇന്ത്യന്‍ ദേശീയഗാനം മുഴങ്ങിയത്. അബദ്ധം മനസിലാക്കിയ ഉടനെ ഇത് നിര്‍ത്തിയെങ്കിലും ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
സംഭവത്തില്‍ ഇപ്പോള്‍ അന്താരാഷ്ട്ര ക്രിക്കറ്റ് സംഘടനയായ ഐസിസിയോട് വിശദീകരണം തേടിയിരിക്കുകയാണ് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ്. ചാമ്പ്യന്‍സ് ട്രോഫിക്കിടെ ഇന്ത്യന്‍ ദേശീയഗാനം അബദ്ധത്തില്‍ പ്ലേ ചെയ്തതില്‍ ഉത്തരവാദിത്തം ഐസിസിക്കാണെന്നും അവരാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കേണ്ടതെന്നുമാണ് പിസിബി വ്യക്തമാക്കിയിരിക്കുന്നത്. ഇന്ത്യ പാകിസ്ഥാനില്‍ കളിക്കാത്ത സ്ഥിതിക്ക് എങ്ങനെയാണ് ഇന്ത്യയുടെ ദേശീയഗാനം അബദ്ധത്തില്‍ പ്ലെ ചെയ്തതെന്ന് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെന്ന് പിസിബി വക്താവിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.