ഇന്ത്യ- ഇംഗ്ലണ്ട് മൂന്നാം ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം അവസാനിച്ചത് നാടകീയ കാഴ്ചകളോടെ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് ഇന്നിങ്ങ്‌സ് ജോ റൂട്ടിന്റെ സെഞ്ചുറിയുടെ കരുത്തില്‍ 387 റണ്‍സില്‍ അവസാനിച്ചിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യന്‍ ഇന്നിങ്ങ്‌സ് 7 വിക്കറ്റുകള്‍ നഷ്ടമാകുമ്പോള്‍ 376 റണ്‍സെന്ന നിലയിലായിരുന്നെങ്കിലും 387 റണ്‍സിന് തന്നെ ഇന്ത്യയുടെ ഒന്നാം ഇന്നിങ്ങ്‌സും അവസാനിച്ചു. ഇതോടെ മൂന്നാം ദിനത്തില്‍ അവശേഷിച്ചത് 2 ഓവറുകള്‍ മാത്രമായിരുന്നു. എന്നാല്‍ മൂന്നാം ദിനം വിക്കറ്റ് നഷ്ടപ്പെടുത്താന്‍ താത്പര്യമില്ലാതിരുന്ന ഇംഗ്ലണ്ട് കളി വൈകിച്ചതോടെയാണ് ലോര്‍ദ്‌സ് ടെസ്റ്റിന്റെ മൂന്നാം ദിനം നാടകീയമായ നിലയില്‍ അവസാനിച്ചത്.
മത്സരത്തിന്റെ മൂന്നാം ദിവസത്തിലെ അവശേഷിച്ച 2 ഓവറുകള്‍ക്കായി സാക് ക്രോളിയും ബെന്‍ ഡെക്കറ്റും ക്രീസിലെത്തിയപ്പോള്‍ 2 ഓവറുകള്‍ വിക്കറ്റ് നഷ്ടമില്ലാതെ മടങ്ങുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. എന്നാല്‍ മത്സരം വൈകിച്ച് തിരിച്ച് പവലിയനിലേക്ക് മടങ്ങുക എന്ന തന്ത്രമാണ് സാക് ക്രോളി ഉപയോഗിച്ചത്. ഇതിനായി മത്സരത്തിലെ ബുമ്ര എറിഞ്ഞ ഓവറിലെ മൂന്നാം പന്തിന് മുന്‍പായി 2 തവണ ക്രോളി മത്സരം തടസപ്പെടുത്തി. ബൗളറുടെ കൈവശമുള്ള എന്തോ തെന്റെ ശ്രദ്ധ തെറ്റിക്കുന്നു എന്ന കാര്യമാണ് ക്രോളി പറഞ്ഞത്. ഇതോടെ രംഗത്തേക്ക് ഇന്ത്യന്‍ നായകനായ ഗില്‍ രംഗത്തെത്തി. സഭ്യമല്ലാത്ത രീതിയിലുള്ള പരിസരം മറന്നുള്ള പ്രയോഗമാണ് ഗില്‍ ആ സമയം നടത്തിയത്. ഇന്ത്യന്‍ സ്ലിപ് സ്‌ക്വാഡ് ഒന്നടങ്കം രംഗത്ത് വന്ന് ക്രോളിയുടെ സമീപനത്തില്‍ അരിശം പ്രയോഗിക്കുകയും ചെയ്തു. ഇതിന് പിന്നാലെ ബുമ്ര എറിഞ്ഞ പന്ത് കൊണ്ടത് ക്രോളിയുടെ ഗ്ലൗവിലേക്കായിരുന്നു. ഉടനെ ഫിസിയോയെ വിളിച്ച ക്രോളിയെ നോക്കി ഇന്ത്യന്‍ ടീം ഒന്നടങ്കം കയ്യടിക്കുകയുണ്ടായി. രംഗത്തേക്ക് കടന്നുവന്ന ഓപ്പണര്‍ ബെന്‍ ഡെക്കറ്റിനോട് ഗില്‍ കടുപ്പിച്ച് വാക്കുകള്‍ പറഞ്ഞതും ക്യാമറകള്‍ ഒപ്പിയെടുത്തിരുന്നു. ഇതിന് ശേഷം ഒരു പന്ത് കൂടി എറിഞ്ഞ് ബുമ്ര ഓവര്‍ പൂര്‍ത്തിയാക്കി. രണ്ടാമത്തെ ഓവര്‍ എറിയാന്‍ സമയം അനുവദിക്കാത്തതിനാല്‍ മത്സരം നാലാം ദിവസത്തിലേക്ക് നീണ്ടുപോയി.