Rishabh Pant: പരുക്കില്‍ നിന്ന് മുക്തനായി റിഷഭ് പന്ത് തിരിച്ചെത്തുന്നു
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താതിരുന്നത് പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്തതിനാലാണ്
Rishabh Pant: ഇംഗ്ലണ്ട് പര്യടനത്തിനിടെ പരുക്കേറ്റ ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്ത് തിരിച്ചെത്തുന്നു. ഇംഗ്ലണ്ടിനെതിരായ മാഞ്ചസ്റ്റര്‍ ടെസ്റ്റിനിടെയാണ് പന്തിനു പരുക്കേറ്റത്. പേസര്‍ ക്രിസ് വോക്‌സിന്റെ പന്ത് ഇന്ത്യന്‍ താരത്തിന്റെ കാലില്‍ കൊള്ളുകയായിരുന്നു.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയില്‍ റിഷഭ് പന്തിനെ ഉള്‍പ്പെടുത്താതിരുന്നത് പരുക്കില്‍ നിന്ന് പൂര്‍ണ മുക്തി നേടാത്തതിനാലാണ്. എന്നാല്‍ ഇപ്പോള്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് താരം ഫിറ്റ്‌നെസ് വീണ്ടെടുത്തിട്ടുണ്ട്.
പന്തിന്റെ ഫിറ്റ്‌നെസ് ടെസ്റ്റ് ബെംഗളൂരുവിലെ ബിസിസിഐ സെന്റര്‍ ഓഫ് എക്‌സലന്‍സില്‍ നടക്കും. ഫിറ്റ്‌നെസ് ടെസ്റ്റ് പാസായാല്‍ വരാനിരിക്കുന്ന രഞ്ജി ട്രോഫിയില്‍ ഡല്‍ഹിക്കായി പന്ത് കളിക്കും.
രഞ്ജി ട്രോഫിക്കുള്ള ടീമിനെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ ഇന്നലെ പ്രഖ്യാപിക്കാനിരുന്നതാണ്. അപ്പോഴാണ് റിഷഭ് പന്തിന്റെ സാധ്യത ഇന്ന് അറിയാമെന്ന റിപ്പോര്‍ട്ട് ലഭിച്ചത്. പന്തിനു കളിക്കാന്‍ കഴിയുമോ എന്ന് ഉറപ്പ് ലഭിച്ച ശേഷമേ ഡല്‍ഹി രഞ്ജി ടീമിനെ പ്രഖ്യാപിക്കൂ.