ധോണിയ്ക്ക് പകരക്കാരനായി ആദ്യ ഘട്ടത്തിൽ വിശേഷിപ്പിയ്ക്കപ്പെട്ട താരമാണ് ഋഷഭ് പന്ത്. അതാണ് താരത്തിന് വലിയ പ്രതിസന്ധിയായി മാറിയതും, ചെറിയ പിഴവുകൾ പോലും വലിയ വിമർശനങ്ങൾക്ക് ഇടയാക്കി. ബാറ്റിങ്ങിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാൻ കഴിയാതെ വന്നതോടെ പ്ലെയിങ് ഇലവനിൽനിന്നും പന്ത് പുറത്താവുകയും ചെയ്തു. വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനായി ഈ സ്ഥാനത്ത് കെഎൽ രാഹുൽ മിന്നുന്ന പ്രകടനമാണ് കാഴ്ചവയ്ക്കുന്നത്.
ഈ പ്രതിസന്ധി ഘട്ടത്തിൽ മുൻ ഇന്ത്യൻ നായകനും ബിസിസിഐ പ്രസിഡന്റുമായ സൗരവ് ഗാംഗുലി നൽകിയ ഉപദേശത്തെ കുറിച്ച് തുറന്നു വെളിപ്പെടുത്തിയിരിയ്ക്കുകയാണ് ഇപ്പോൾ പന്ത്. ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഇന്‍സ്റ്റഗ്രാം ലൈവ് വീഡിയോയിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ 'നീ സ്വയം കുറച്ചു സമയം നല്‍കൂയെന്നാണ് ഗാംഗുലി ഉപദേശിച്ചത്. അതിനു ശേഷം നിനക്കു ഇഷ്ടമുള്ളത് ചെയ്‌തോയെന്നും അദ്ദേഹം പറഞ്ഞു. എപ്പോഴും ഞാന്‍ മികച്ച പ്രകടനം നടത്തണമെന്നാണ് അദ്ദേഹം ആഗ്രഹിയ്ക്കുത്.
അദ്ദേഹം പറഞ്ഞ ചില കാര്യങ്ങള്‍ ഞാന്‍ പ്രാവര്‍ത്തികമാക്കാന്‍ ശ്രമിച്ചു. അത് എന്നെ സഹായിക്കുകയും ചെയ്തു. റിക്കി പോണ്ടിങ്ങും തന്നോട് ഇതു തന്നെയാണ് പറയാറുള്ളത് എന്നും പന്ത് പറഞ്ഞു. എന്റെ ശൈലിയില്‍ എപ്പോഴും കളിക്കാന്‍ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. പോണ്ടിങ് ഒരു നിബന്ധയും എനിക്ക് മുന്നില്‍ വയ്ക്കാറില്ല. നിനക്ക് ഇഷ്ടമുള്ളതു പോലെ ചെയ്‌തോയെന്നാണ് ഗ്രൗണ്ടിലിറങ്ങുമ്പോള്‍ പോണ്ടിങ് ഉപദേശിക്കാറുള്ളത്.'പന്ത് പറഞ്ഞു.