ഇന്ത്യന്‍ ഏകദിന ടീമിന്റെ നായകസ്ഥാനത്ത് നിന്നും പുറത്തായതോടെ രോഹിത് ശര്‍മയുടെ ഏകദിനത്തിലെ ഭാവി ആശങ്കയില്‍. 2027ലെ ലോകകപ്പില്‍ ടീമിനായി കളിക്കുക എന്നത് തന്റെ ലക്ഷ്യമാണെന്ന് രോഹിത് പലപ്പോഴായി പറഞ്ഞിട്ടുള്ള കാര്യമാണെങ്കിലും 2027ലെ ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ പദ്ധതികളില്‍ രോഹിത്തിന് സ്ഥാനമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. കരിയറിന്റെ അവസാന സമയത്തുള്ള വിരാട് കോലി, രോഹിത് ശര്‍മ എന്നിവര്‍ വൈകാതെ വിരമിക്കുകയോ ടീമില്‍ നിന്നും ഒഴിവാക്കപ്പെടുകയോ ചെയ്യുമെന്നാണ് ബിസിസിഐ കരുതുന്നതെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്യുന്നു.
രോഹിത്തിനെ മാറ്റി ഗില്ലിനെ നായകനാക്കിയതോടെ സെലക്ടര്‍മാര്‍ വ്യക്തമായ സന്ദേശം നല്‍കി കഴിഞ്ഞു. മികവ് തെളിയിച്ചെങ്കില്‍ ടീമിന് വെളിയിലാകുമെന്ന സന്ദേശമാണ് സെലക്ടര്‍മാര്‍ നല്‍കിയിരിക്കുന്നത്. ഏകദിന ക്യാപ്റ്റന്‍സി ഗില്ലിന് നല്‍കുന്നതിനെ പറ്റി രോഹിത്തിനെ മുന്‍പ് തന്നെ അറിയിച്ചിരുന്നെന്നും കോലിയും 2027ലെ ഏകദിന ലോകകപ്പ് പ്ലാനിലുള്ള താരമല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
യുവതാരങ്ങളില്‍ അഭിഷേക് ശര്‍മ, യശ്വസി ജയ്‌സ്വാള്‍, തിലക് വര്‍മ എന്നീ താരങ്ങളുടെ സമീപകാല പ്രകടനങ്ങളാണ് കടുത്ത തീരുമാനമെടുക്കാന്‍ ബിസിസിഐ പ്രേരിപ്പിക്കുന്നത്. ഏകദിനങ്ങളില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി അഭിഷേക് ശര്‍മയെയാണ് സെലക്ടര്‍മാര്‍ കാണുന്നത്.