Rohit Sharma: രോഹിത്തിന്റെ പ്രായത്തില്‍ 'നോ' പറഞ്ഞ് ബിസിസിഐ; ഗംഭീറിന്റെ മൗനസമ്മതവും !
2027 ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഗില്‍ ഇന്ത്യയെ നയിക്കുമെന്നാണ് ബിസിസിഐയുടെ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്
Rohit Sharma: 2027 ഏകദിന ലോകകപ്പിനായി ശുഭ്മാന്‍ ഗില്ലിനെ ഒരുക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഓസ്ട്രേലിയയ്ക്കെതിരായ ഏകദിന പരമ്പരയിലെ ക്യാപ്റ്റന്‍സി നിയമനം. 38 കാരനായ രോഹിത് ശര്‍മയ്ക്കു അടുത്ത ഏകദിന ലോകകപ്പ് ആകുമ്പോഴേക്കും 41 വയസാകും. താരത്തിനു ഇനിയൊരു ലോകകപ്പ് കളിക്കാന്‍ സാധിക്കില്ലെന്ന വിലയിരുത്തലിലാണ് നായകസ്ഥാനത്തു നിന്ന് മാറ്റിയിരിക്കുന്നത്.
ചീഫ് സെലക്ടര്‍ അജിത്ത് അഗാര്‍ക്കര്‍, ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീര്‍, ബിസിസിഐ സെക്രട്ടറി ദേവജിത്ത് സൈക്കിയ എന്നിവര്‍ ചേര്‍ന്നു ഒറ്റക്കെട്ടായാണ് രോഹിത്തിനെ നായകസ്ഥാനത്തു നിന്ന് മാറ്റി ഗില്ലിനെ നിയമിക്കാന്‍ തീരുമാനിച്ചതെന്ന് ഇ.എസ്.പി.എന്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 2027 ല്‍ ദക്ഷിണാഫ്രിക്ക, സിംബാബ്വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ ഗില്‍ ഇന്ത്യയെ നയിക്കുമെന്നാണ് ബിസിസിഐയുടെ തീരുമാനത്തില്‍ നിന്ന് വ്യക്തമാകുന്നത്.
അടുത്ത ലോകകപ്പ് ആകുമ്പോഴേക്കും ഏകദിന ഫോര്‍മാറ്റ് നായകസ്ഥാനത്ത് ഗില്ലിനു പരിചയസമ്പത്ത് ആവശ്യമാണ്. അതുകൊണ്ടാണ് രോഹിത്തിനെ മാറ്റുന്നതെന്ന് ബിസിസിഐയുമായി അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി. ഇക്കാര്യം രോഹിത്തിനെയും ബിസിസിഐ അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.
2021 ഡിസംബര്‍ മുതലാണ് രോഹിത് ശര്‍മ ഇന്ത്യയുടെ മുഴുവന്‍ സമയ നായകസ്ഥാനം ഏറ്റെടുത്തത്. 56 ഏകദിനങ്ങളില്‍ ഇന്ത്യയെ നയിച്ച രോഹിത് 42 എണ്ണത്തില്‍ ഇന്ത്യയെ വിജയത്തിലെത്തിച്ചു. 12 മത്സരങ്ങള്‍ തോറ്റപ്പോള്‍ ഒരു മത്സരം സമനിലയായി, ഒരു കളി ഫലമില്ലാതെ പിരിഞ്ഞു.