ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് കട്ടക്കിലെ ബാരാബതി സ്റ്റേഡിയത്തില്‍ നടക്കും. ഉച്ചയ്ക്ക് 1.30ന് ആരംഭിക്കുന്ന മത്സരം സ്‌പോര്‍ട്‌സ് 18 നെറ്റ്വര്‍ക്കിലും ഡിസ്‌നി ഹോട്ട്സ്റ്റാറിലും തത്സമയം കാണാനാകും. ആദ്യമത്സരത്തില്‍ വിജയിച്ച ഇന്ത്യ പരമ്പരയില്‍ 1-0ന് മുന്‍പിലാണ്. 3 മത്സരങ്ങളുള്ള പരമ്പരയിലെ രണ്ടാം മത്സരം വിജയിച്ചുകൊണ്ട് പരമ്പര സ്വന്തമാക്കാനാകും ഇന്ത്യന്‍ ശ്രമം. അതേസമയം ചാമ്പ്യന്‍സ് ട്രോഫിക്ക് മുന്‍പായി നടക്കുന്ന പരമ്പരയില്‍ വിജയിച്ച് ആത്മവിശ്വാസം തിരിച്ചുപിടിക്കാനാണ് ഇംഗ്ലണ്ടിന്റെ ശ്രമം.
രണ്ടാം ഏകദിനമത്സരത്തിനെത്തുമ്പോള്‍ ആദ്യ ഏകദിനത്തില്‍ കാല്‍മുട്ടിനേറ്റ പരിക്കിനെ തുടര്‍ന്ന് കളിക്കാതിരുന്ന വിരാട് കോലി ടീമില്‍ തിരിച്ചെത്തും. ഇതോടെ കഴിഞ്ഞ മത്സരത്തില്‍ അര്‍ധസെഞ്ചുറിയുമായി തിളങ്ങിയ ശ്രേയസ് അയ്യര്‍ക്ക് ടീമിലെ സ്ഥാനം നഷ്ടമായേക്കും. ബൗളിംഗ് നിരയില്‍ കുല്‍ദീപിന് പകരം വരുണ്‍ ചക്രവര്‍ത്തിക്ക് ഇന്ന് അവസരം നല്‍കിയേക്കുമെന്ന് സൂചനയുണ്ട്.