Select Your Language

Notifications

webdunia
webdunia
webdunia
webdunia

കുഴിമടിയനെന്ന് കോഹ്‌ലി വിളിക്കുമ്പോഴും ഇക്കാര്യത്തില്‍ രോഹിത് മാന്ത്രികനാണ്; ധോണിയുടെ പുഞ്ചിരി അതിനുള്ള തെളിവ്

കുഴിമടിയനെന്ന് കോഹ്‌ലി വിളിക്കുമ്പോഴും ഇക്കാര്യത്തില്‍ രോഹിത് മാന്ത്രികനാണ്; ധോണിയുടെ പുഞ്ചിരി അതിനുള്ള തെളിവ്

കുഴിമടിയനെന്ന് കോഹ്‌ലി വിളിക്കുമ്പോഴും ഇക്കാര്യത്തില്‍ രോഹിത് മാന്ത്രികനാണ്; ധോണിയുടെ പുഞ്ചിരി അതിനുള്ള തെളിവ്

കനിഹ സുരേന്ദ്രന്‍

, ബുധന്‍, 13 ഡിസം‌ബര്‍ 2017 (18:00 IST)
ബാറ്റ് കൊണ്ട് ഷോ കാണിക്കാന്‍ കോഹ്‌ലിയാണോ, രോഹിത്താണോ കേമനെന്ന ചോദ്യമുണ്ടായാല്‍ മടികൂടാതെ ആരും പറയുന്ന പേര് രോഹിത്തിന്റേതാകും. ഒരു ബോളില്‍ അഞ്ചോളം ഷോട്ടുകള്‍ വ്യത്യസ്ഥമായി കളിക്കാന്‍ ശേഷിയുള്ള ഏക താരം, കൂറ്റന്‍ സ്‌കോറുകള്‍ സ്വന്തമാക്കാന്‍ കേമന്‍ എന്നിങ്ങനെയുള്ള വിശേഷണങ്ങള്‍ ഏറെയുള്ള രോഹിത് ഒരു മടിയനാണെന്നാണ് കോഹ്‌ലിയുടെ അഭിപ്രായം.

മടിയും എപ്പോഴുമുള്ള ഉറക്കവും അവസാനിപ്പിച്ചാല്‍ രോഹിത് ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനാകുമെന്നതില്‍ സംശയമില്ലെന്ന് കോഹ്‌ലി പരസ്യമായി പറഞ്ഞിട്ടുണ്ട്. സമകാലിക ക്രിക്കറ്റിലെ ഏറ്റവും മികച്ച കളിക്കാരനില്‍ നിന്നാണ് ഈ അഭിപ്രായം ഉണ്ടായതെന്നതാ‍ണ് ശ്രദ്ധേയം.

ധര്‍മ്മശാലയിലെ തണുത്തുറഞ്ഞ ഗ്രൌണ്ടില്‍ ചീട്ടുക്കൊട്ടാരം പോലെ ടീം തകരുന്ന കാഴ്‌ച കാണേണ്ടിവന്ന ക്യാപ്‌റ്റന്‍ മൊഹാലിയിലെ ഗ്രൌണ്ടില്‍ ബാറ്റ് കൊണ്ട് അത്ഭുതം തീര്‍ത്തപ്പോള്‍ എഴുതപ്പെട്ടത് ചരിത്രമാണ്. കോഹ്‌ലിയുടെ അഭാവം നികത്താന്‍ തനിക്കാകുമെന്ന് തെളിയിക്കാനും രോഹിത്തിന് സാധിച്ചു. ഓസ്‌ട്രേലിയക്കെതിരെ ആദ്യ ഇരട്ട സെഞ്ചുറി സ്വന്തമാക്കാന്‍ 158 പന്തുകള്‍ വേണ്ടിവന്നപ്പോള്‍ മൂന്നാം ഇരട്ടസെഞ്ചുറിക്കായി അദ്ദേഹത്തിന് വേണ്ടിവന്നത് 153 പന്തുകള്‍ മാത്രമാണ്.

ക്രിസ്‌ ഗെയില്‍, എ ബി ഡിവില്ലിയേഴ്‌സ് എന്നിവരെ പോലെ ബാറ്റ് വീശാന്‍ ശേഷിയുള്ളവര്‍ ഇന്ത്യന്‍ നിരയില്‍ ഉണ്ടോയെന്ന് ഇനിയാരും ചോദിക്കില്ലെന്ന് ഉറപ്പാണ്. അത്രയും മാരകമായ പ്രകടനമാണ് ശ്രീലങ്കയ്‌ക്കതിരെ രോഹിത് പുറത്തെടുത്തത്. 12  സിക്‍സറുകളുടെയും 13 ഫോറുകളുടെയും അകമ്പടിയോടെ അദ്ദേഹം മുന്നാം ഇരട്ട സെഞ്ചുറി സ്വന്തമാക്കുമ്പോള്‍  ആരാധകരും ഇന്ത്യന്‍ ഡ്രസിംഗ് റൂമും തരിച്ചിരുന്നു.

പേരുകേട്ട ഇന്ത്യന്‍ നിരയെ ഒന്നാം ഏകദിനത്തില്‍ നാണംകെടുത്തി വിട്ടതിന്റെ ഹുങ്കുമായി ഗ്രൌണ്ടിലിറങ്ങിയ ലങ്കന്‍ താരങ്ങള്‍ രോഹിത് ഫോമിലെത്തിയതോടെ തലയില്‍ കൈവച്ചു പോയി. അദ്ദേഹത്തിന്റെ ബാറ്റില്‍ നിന്നും സിക്‍സറുകളും ഫോറുകളും ഒഴുകിയപ്പോള്‍ ധര്‍മ്മശാലയിലെ ലങ്കന്‍ ഹീറോ ലക്‍മല്‍ എട്ട് ഓവറില്‍ വിട്ടു നല്‍കിയത് 71 റണ്‍സാണ്. 10 ഓവറില്‍ 106 റണ്‍സാണ് ഫെര്‍നാന്‍ഡോ വഴങ്ങിയത്. കളിയുടെ ഒരു ഘട്ടത്തില്‍ പോലും ലങ്കയ്‌ക്ക് മുമ്പില്‍ രോഹിത് പതറിയില്ലെന്ന പ്രത്യേകതയും മൊഹാലിയിലെ മത്സരത്തിനുണ്ട്.

വിക്കറ്റിന് മുന്നില്‍ കുടുങ്ങി കൂടാരത്തിലേക്ക് മടങ്ങിയ ധോണി രോഹിത്തിനെ നോക്കി ഒരു ചിരി സമ്മാനിച്ചത് അപൂര്‍വ്വ നിമിഷങ്ങളില്‍ ഒന്നായിരുന്നു. ചരിത്രം തീര്‍ക്കാനൊരുങ്ങുന്ന രോഹിത്തിന്റെ പ്രകടനം ടീം ഒന്നാകെ ആസ്വദിക്കുന്നു എന്നതിന്റെ തെളിവായിരുന്നു മഹിയില്‍ നിന്നുണ്ടായ ഈ സമീപനം.

ഭാഗ്യം ചെയ്‌ത വ്യക്തി കൂടിയാണ് രോഹിത് ശര്‍മ്മ. രണ്ടാം വിവാഹ വാര്‍ഷികത്തില്‍ നായകന്റെ കുപ്പായമണിഞ്ഞ ഭര്‍ത്താവിന്റെ ബാറ്റിംഗ് കാണാനെത്തിയ ഭാര്യ റിതിക സജ്‌ദേഹിനെ സാക്ഷിനിര്‍ത്തിയാണ് അദ്ദേഹം മൊഹാലിയില്‍ വിസ്‌മയം തീര്‍ത്തത്.

ചരിത്രനേട്ടത്തിലേക്ക് രോഹിത് അടുക്കുമ്പോള്‍ സമ്മര്‍ദ്ദത്തിലായ റിതിക കരച്ചിലിന്റെ വക്കോളമെത്തിയിരുന്നു. മൂന്നാം ഇരട്ട സെഞ്ചുറിയെന്ന നേട്ടം അദ്ദേഹം കൈയെത്തി പിടിച്ചതോടെ അവരുടെ കണ്ണുകള്‍ ഈറനണിഞ്ഞു. ഇതിനിടെ പ്രിയതമയ്‌ക്ക് ഫ്ലൈയിംഗ് കിസ് നല്‍കാന്‍ ഇന്ത്യയുടെ ഹിറ്റ്മാന്‍ മടിച്ചില്ല. വിവാഹ വാര്‍ഷികത്തില്‍ ഇതില്‍പ്പരം വിലപ്പെട്ട ഒരു സമ്മാനവും ഒരു ക്രിക്കറ്റ് താരവും ഭാര്യയ്‌ക്ക് നല്‍കിയിട്ടുണ്ടാകില്ല. അത്രയ്‌ക്കും മനോഹരമായിരുന്നു ആ നിമിഷങ്ങള്‍.

2013-ൽ ബംഗളൂരുവിൽ ഓസ്ട്രേലിയയ്ക്കെതിരെ ആദ്യ ഡബിള്‍ സെഞ്ചുറി (209) നേടിയ രോഹിത് 2014 നവംബർ 13ന് കൊല്‍ക്കത്തയില്‍ ലങ്കന്‍ ബോളര്‍മാരെ കശാപ്പ് ചെയ്‌ത് 264 റൺ അടിച്ചു കൂട്ടിയാണ്. ഏകദിന ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ഈ വ്യക്തിഗത സ്കോര്‍ ഇന്നും തകര്‍ക്കപ്പെടാതെ നില്‍ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഏകദിനത്തില്‍ ട്രിപ്പിള്‍ സെഞ്ചുറി നേടാനുള്ള ശ്രമം തുടരുമെന്ന രോഹിത്തിന്റെ വാക്കുകള്‍ പൊന്നാകട്ടെ എന്ന പ്രാര്‍ഥനയിലാണ് ആരാധകര്‍.  

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഹിത്തിന് മൂന്നാം ഡബിൾ സെഞ്ചുറി (208*); ലങ്കയ്‌ക്ക് മുമ്പില്‍ കൂറ്റന്‍ റണ്‍‌മല