ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ രോഹിത് ശര്‍മ ഓപ്പണിങ് ചെയ്യാത്തതിനു കാരണം ട്രെന്റ് ബോള്‍ട്ടിനെ പേടിയായതുകൊണ്ടോ? ആരാധകര്‍ക്കിടയില്‍ ഇത് വലിയൊരു ചോദ്യമായിരിക്കുകയാണ്. ന്യൂസിലന്‍ഡിനെതിരെ ഇഷാന്‍ കിഷനും കെ.എല്‍.രാഹുലുമാണ് ഇന്നിങ്‌സ് ഓപ്പണ്‍ ചെയ്തത്. രോഹിത് ശര്‍മ മൂന്നാം നമ്പറിലും വിരാട് കോലി നാലാം നമ്പറിലും എത്തി.
ലെഫ്റ്റ്-ആം പേസ് ബൗളര്‍ ട്രെന്റ് ബോള്‍ട്ടിനെ കളിക്കാന്‍ രോഹിത് ബുദ്ധിമുട്ടുമെന്ന് കണ്ടാണ് ഇഷാന്‍ കിഷനെ പകരം ഓപ്പണറാക്കിയത്. ഇടംകൈയന്‍ പേസര്‍മാര്‍ക്കെതിരെ രോഹിത് ശര്‍മയുടെ പ്രകടനം അത്ര മെച്ചപ്പെട്ടതല്ലെന്നാണ് ഇതിനു ന്യായീകരണമായി ടീം ഇന്ത്യ ചൂണ്ടിക്കാട്ടുന്നത്. ബാറ്റിങ് ഓര്‍ഡര്‍ മാറ്റിയുള്ള പരീക്ഷണത്തിനെതിരെ സുനില്‍ ഗവാസ്‌കര്‍ രംഗത്തെത്തിയിരുന്നു.
'വര്‍ഷങ്ങളായി ഒരേ പൊസിഷനില്‍ കളിച്ച താരത്തെ താഴോട്ട് ഇറക്കുമ്പോള്‍ അദ്ദേഹത്തിനു തന്നെ സ്വയം സംശയം തോന്നും. ഇടംകൈയന്‍ പേസര്‍മാരെ നേരിടാന്‍ തനിക്ക് കെല്‍പ്പില്ലെന്ന് അദ്ദേഹം സ്വയം വിചാരിക്കും. ന്യൂസിലന്‍ഡിനെതിരെ നടത്തിയ പരീക്ഷണങ്ങള്‍ സമ്പൂര്‍ണ പരാജയമായിരുന്നു,' ഗവാസ്‌കര്‍ പറഞ്ഞു.